
ചെന്നൈ: മെട്രോ വികസനത്തിൻ്റെ അഞ്ചാം ഘട്ടത്തിൽ 11.61 കിലോമീറ്റർ എലിവേറ്റഡ് വയഡക്‌ട് സെക്ഷന്റെയും 11 എലിവേറ്റഡ് സ്റ്റേഷനുകളുടെയും നിർമാണത്തിനായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ നിന്ന് 1,309 കോടി രൂപയുടെ കരാർ എടുത്തതായി ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും , കെഇസി ഇന്റർനാഷണൽ ലിമിറ്റഡുമായുള്ള കൺസോർഷ്യം അറിയിച്ചു .ചെന്നൈ മെട്രോയ്ക്കായി എച്ച്സിസി-കെഇസി കൺസോർഷ്യം നേടിയ രണ്ടാമത്തെ ഓർഡറാണ് ഏറ്റവും പുതിയ കരാർ. സംയുക്ത സംരംഭത്തിലെ എച്ച്‌സിസി വിഹിതം 51 ശതമാനമായിരിക്കുമെന്ന് (668 കോടി രൂപ), കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
36 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മടിപ്പാക്കം, കിൽക്കത്തലൈ, ഈച്ചങ്ങാട്, കോവിലമ്പാക്കം, വെള്ളക്കൽ, മേടവാക്കം കൂട്ട് റോഡ്, കാമരാജ് ഗാർഡൻ സ്ട്രീറ്റ്, മേടവാക്കം ജംഗ്ഷൻ, പെരുമ്പാക്കം, ഗ്ലോബൽ ഹോസ്പിറ്റൽ, എൽക്കോട്ട് എന്നിവ ഉൾപ്പെടുന്നതാണ് 11 എലിവേറ്റഡ് സ്റ്റേഷനുകൾ.
