ചെന്നൈ ∙ മധുര – തിരുച്ചിറപ്പള്ളി ദേശീയപാതയിൽ നിർത്തിയിട്ട ട്രക്കിനു പിറകിൽ കാറിടിച്ച് 2 പഞ്ചായത്ത് പ്രസിഡന്റുമാർ മരിച്ചു. 3 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുതുക്കോട്ട വീരാളിമലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വിരുദുനഗർ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ റാലിയിൽ പങ്കെടുക്കാൻ പുറപ്പെട്ടവരായിരുന്നു കാറിലുണ്ടായിരുന്നത്. നച്ചിയാർപുരം പഞ്ചായത്ത് യൂണിയൻ പ്രസിഡന്റ് വി.കറുപ്പുസാമി, കൃഷ്ണഗിരി യൂണിയൻ പ്രസിഡന്റ് കെ. അഭിമന്യു എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ നെടുങ്കുളം പഞ്ചായത്ത് യൂണിയൻ പ്രസിഡന്റ് സമുദ്രം, മധുപ്പട്ടി യൂണിയൻ പ്രസിഡന്റ് ശങ്കർ, കാർ ഡ്രൈവർ ഭാസ്കർ എന്നിവരെ മണപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാർ മീഡിയനിൽ ഇടിച്ച ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്കു പാഞ്ഞു കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായി വീരാളിമല പൊലീസ് പറഞ്ഞു.