ചെന്നൈ: ഐഐടി മദ്രാസിലെ ജാതി വിവേചനത്തിനെതിരെ രംഗത്തെത്തിയ മലയാളി അദ്ധ്യാപകന്‍ വീണ്ടും രാജിവച്ചു. ജാതി പ്രശ്‌നങ്ങള്‍ തുടരുകയാണെന്ന് ആരോപിച്ചാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് (എച്ച്‌എസ്‌എസ്) വിഭാഗം അസി.പ്രഫസറുമായ വിപിന്‍ പി.വീട്ടില്‍ ജോലി രാജിവെച്ചത്. മുന്‍പ് ഇതേ പ്രശ്ത്തില്‍ ജോലി വേണ്ടെന്നു വച്ച വിപിന്‍ അനുനയ ശ്രമങ്ങളെ തുടര്‍ന്നാണ് ഐഐടിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ അന്ന് നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. വീണ്ടും വകുപ്പു മേധാവി ഉള്‍പ്പെടെയുള്ളവരില്‍ നിന്നുള്ള വിവേചനം തുടരുകയാണെന്നു വിപിന്‍ അറിയിച്ചു. പരാതികള്‍ ബന്ധപ്പെട്ടവരെ നേരില്‍ ബോധിപ്പിക്കാന്‍ ഇന്നലെ വിപിന്‍ ഡല്‍ഹിയിലെക്ക് പോയി.
തന്റെ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ 24 മുതല്‍ ഐഐടി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കാനാണു തീരുമാനം. ആദ്യതവണ ഉന്നയിച്ച പരാതി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതിനെ തുടര്‍ന്നു ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹല്‍ഡര്‍ നേരിട്ടെത്തി അന്വേഷിച്ചിരുന്നു. എന്നാല്‍, ഐഐടിയില്‍ ഇത്തരം പ്രശ്‌നങ്ങളില്ലെന്നാണ് അദ്ദേഹം വിലയിരുത്തിയത്. ഈ അന്വേഷണം ഉള്‍പ്പെടെയുള്ളവ അട്ടിമറിക്കപ്പെട്ടതാണെന്നാണ് വിപിന്റെ ആരോപണം.