തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തമിഴ് സിനിമാ വ്യവസായം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണ് അജിത്ത് (Ajith Kumar) നായകനായ വലിമൈ (Valimai). എച്ച് വിനോദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം തമിഴ്നാട്ടില്‍ നിന്നു മാത്രം 34.12 കോടിയാണ് ലഭിച്ചത്. ചെന്നൈ നഗരത്തില്‍ മാത്രം 1.82 കോടി റിലീസ് ദിനത്തില്‍ ചിത്രം നേടിയിരുന്നു. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ ചിത്രം തമിഴിനു പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു. കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള നേട്ടമാണ് ഇത്. അജിത്തിന്റെ കരിയറിലെ ഏറ്റവും വേഗത്തിലുള്ള 100 കോടി ക്ലബ്ബ് നേട്ടവുമാണ് വലിമൈ. പ്രീ-റിലീസ് ബിസിനസ് കൊണ്ടുതന്നെ ടേബിള്‍ പ്രോഫിറ്റ് ഉണ്ടാക്കിയ ചിത്രവുമാണിത്. തമിഴ്നാട്ടിലെ വിതരണാവകാശം കൊണ്ടുമാത്രം ചിത്രം 62 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്ന് 3.5 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 5.5 കോടിയുമാണ് ഈയിനത്തില്‍ ലഭിച്ചത്. ഹിന്ദി പതിപ്പിന് 2 കോടിയും വിദേശ മാര്‍ക്കറ്റുകളിലെ വിതരണാവകാശത്തിന് മറ്റൊരു 16 കോടിയും ലഭിച്ചിരുന്നു. റീലീസിന് മുന്‍പ് ലഭിച്ച ടേബിള്‍ പ്രോഫിറ്റ് 11 കോടിയായിരുന്നു.
എന്നാല്‍ ആദ്യദിന പ്രദര്‍ശനങ്ങള്‍ക്കു ശേഷം ചിത്രത്തിന് ദൈര്‍ഘ്യം കൂടുതലാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അണിയറക്കാര്‍ ചിത്രം റീഎഡിറ്റ് ചെയ്തിരുന്നു. ഇതുപ്രകാരം തമിഴ് പതിപ്പില്‍ നിന്ന് 12 മിനിറ്റ് കട്ട് ചെയ്തു. എന്നാല്‍ ഹിന്ദി പതിപ്പില്‍ നിന്ന് 15 മിനിറ്റ് വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹിന്ദി പതിപ്പില്‍ നിന്ന് അജിത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ ശേഷമുള്ള ഗാനവും നീക്കം ചെയ്തു. ഇതോടെ ഹിന്ദി പതിപ്പിന്റെ ആകെ ദൈര്‍ഘ്യം 18 മിനിറ്റ് കുറയും. റീ എഡിറ്റിംഗ് നടത്തിയ പതിപ്പുകളാണ് വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
രണ്ടര വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ തമിഴ് സിനിമാ വ്യവസായം വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് വലിമൈ. അജിത്തിന്റെ കഴിഞ്ഞ ചിത്രം നേര്‍കൊണ്ട പാര്‍വൈയുടെ സംവിധായകന് എച്ച് വിനോദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അജിത്ത് പൊലീസ് കഥാപാത്രമായി സ്ക്രീനിലെത്തുന്ന ചിത്രവുമാണ് വലിമൈ. ഹുമ ഖുറേഷി നായികയാവുന്ന ചിത്രത്തില്‍ കാര്‍ത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, സെല്‍വ, ജി എം സുന്ദര്‍, അച്യുത് കുമാര്‍, രാജ് അയ്യപ്പ, പേളി മാണി, ധ്രുവന്, ചൈത്ര റെഡ്ഡി, പാവേല്‍ നവഗീതന്‍, ദിനേശ് പ്രഭാകര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന് തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് വിജയ് വേലുക്കുട്ടി. പാട്ടുകള്‍ യുവന് ശങ്കര്‍ രാജയും പശ്ചാത്തല സംഗീതം ജിബ്രാനുമാണ് ഒരുക്കിയിരിക്കുന്നത്. സഹനിര്‍മ്മാണം സീ സ്റ്റുഡിയോസ്.