ചെന്നൈ: തമിഴ് നടിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കിയതിന് ശേഷം വീഡിയോ എടുത്ത രണ്ടുപേര്‍ പിടിയില്‍. മുപ്പത്തിയഞ്ചുകാരിയായ നടിയുടെ വലസരവാക്കത്തെ വീട്ടില്‍ അതിക്രമിച്ച് കയറി അതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പ്രതികള്‍ നടിയുടെ 10 ഗ്രാം സ്വര്‍ണവുമായി രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. തുടര്‍ന്ന്, അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, മധുരവോയല്‍ സ്വദേശിയായ കണ്ണദാസന്, രാമപുരം സ്വദേശി സെല്‍വകുമാര്‍ എന്നിരാണ് പോലീസിന്റെ പിടിയിലായത്. പിടിയിലായ പ്രതികളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.
തമിഴ് സിനിമകളില്‍ സഹ കഥാപാത്രങ്ങള്‍ ചെയ്തുവരുന്ന നടി തന്റെ വാതിലില്‍ മുട്ടുന്നത് കേട്ട് വാതില്‍ തുറന്നു നോക്കുകയായിരുന്നു. ഉടന്‍ തന്നെ മുഖംമൂടി ധരിച്ച രണ്ട് അക്രമികള്‍ നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും വസ്ത്രമഴിക്കാന്‍ ആജ്ഞാപിക്കുകയുമായിരുന്നു. യുവതി അനുസരിക്കാന്‍ നിര്‍ബന്ധിതയായപ്പോള്‍, രണ്ടാമത്തെയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് നടിയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് ഇരുചക്രവാഹനത്തില്‍ സ്ഥലംവിട്ടു.
50,000 രൂപയും 24 ഗ്രാം സ്വര്‍ണവുമായി കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞതായാണ് നടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍, മോഷ്ടിച്ച വസ്തുക്കളെക്കുറിച്ച് നടി പരാതിയില്‍ പറയുന്നത് തെറ്റാണെന്ന് കണ്ടെത്തിയെങ്കിലും മറ്റ് വിവരങ്ങള്‍ ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.