Home Featured ചെന്നൈ നഗരത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജിപിഎസ് മാപ്പിങ് ;കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കൃത്യമായി മാപ്പിലാക്കും

ചെന്നൈ നഗരത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ജിപിഎസ് മാപ്പിങ് ;കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കൃത്യമായി മാപ്പിലാക്കും

by jameema shabeer

ചെന്നൈ • നഗരത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആധുനിക നിരീക്ഷണ സംവിധാനവുമായി സിറ്റി പൊലീസ്, ജിഐഎസ് മാപ്പിങ് വഴി നിലവിലുള്ള കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുന്ന പദ്ധതിക്കാണ് സിറ്റി പൊലീസ് തുടക്കമിടുന്നത്. ഇതിനായി നഗരത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധികളിലെയും വിവരങ്ങൾ ശേഖരിക്കും. ഇതുവഴി സ്ഥിരമായി കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുകയും കുറ്റവാളികളെ നിരീക്ഷിക്കുകയുമാണ് ലക്ഷ്യം പദ്ധതിക്കുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നാലു മാസത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാക്കാനാണ്
ഉദ്ദേശ്യം.

പ്രതികളെ വേഗത്തിൽ കണ്ടെത്താം

നഗരത്തിൽ ഗുണ്ടാ വിളയാട്ടവും അക്രമവും പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യാരുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ സ്ഥിരമായി ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇത്തരം സ്ഥലങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയാണു പ്രധാനമായും ജിഐഎസ് മാപ്പിങ് നടത്തുന്നത്. ചെന്നൈ പൊലീസിന്റെ കീഴിലുള്ള 12 പൊലീസ് സ്റ്റേഷൻ പരിധികളിലെയും മുഴുവൻ സ്റ്റേഷനുകളിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷം രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചും കൃത്യത്തിന്റെ രീതി, പ്രതികൾ എന്നിവയെ കുറിച്ചും വിവരങ്ങൾ ശേഖരിക്കും. സ്ഥിരമായി പ്രശ്നം നടക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനും പുതിയ സംഭവങ്ങൾ നടന്നാൽ പ്രതികളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും ഇതു സഹായിക്കും.

നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയാണ് ജിഐഎസ് മാപ്പിങ് സംവിധാനം. നഗരത്തിലെ സിസിടിവി ക്യാമറകളുടെ എണ്ണം വർധിപ്പിച്ചും ജനങ്ങളുടെ അടുത്തേക്കു പൊലീസ് നേരിട്ടെത്തിയും സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിനും നടപടി എടുത്തിരുന്നു.

ഗുണ്ടകളുടെ എണ്ണത്തിൽ വർധന

ഒരു വർഷത്തിനിടെ നഗരത്തിൽ ഗുണ്ടകളുടെ എണ്ണം 3,674ൽ നിന്ന് 3,711 ആയി വർധിച്ചു. സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്ന എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കൊടും കുറ്റവാളികളുടെ എണ്ണം 69ൽ നിന്ന് 92 ആയി ഉയർന്നു. അതേസമയം, ഗുണ്ടകളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും നേരത്തേ ഉണ്ടായിരുന്ന തരത്തിലുളള കൊടും കുറ്റവാളികളുടെ ഗ്യാങ്ങുകൾ ഇപ്പോൾ ഇല്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശങ്കർ ജിവാൽ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ രീതിക്കനുസരിച്ച് കുറ്റവാളികളെ എ പ്ലസ്, എ, ബി, സി എന്നീ വിഭാഗങ്ങളിലായി പൊലീസ് തരംതിരിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp