ചെന്നൈ • പീഡനത്തിൽ നിന്നു സഹായം തേടി മുഖ്യമന്ത്രി എം. കെ.സ്റ്റാലിനു വിഡിയോ സന്ദേശമയച്ച പെൺകുട്ടികളുടെ പരാതിയിൽ 3 പേർ പിടിയിൽ. മഹാബലിപുരം സ്വദേശികളായ സഹോദരിമാരാണു സംരക്ഷണം തേടി മുഖ്യമന്ത്രിക്കു വിഡിയോ സന്ദേശം അയച്ചത്. ശല്യത്തക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് 17, 15 വയസ്സു ള്ള ഇരുപെൺകുട്ടികളെയും ഗ്രാമത്തിൽ നിന്നു പുറത്താക്കിയിരുന്നു.
ഇതിനു പിന്നാലെയാണു ഗ്രാമത്തിലെ 3 പേർ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇതോടെ കരഞ്ഞുകൊണ്ടു മൊബൈൽ ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്ത പെൺകുട്ടികൾ ഇതുവരെയുണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചിരുന്നു. വിവരം മുഖ്യമന്ത്രിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. വിഡിയോ വൈറലായതോടെ ചെങ്കൽപ്പെട്ട് എസ്പി നേരിട്ട് സംഭവത്തിൽ ഇടപെടുകയായിരുന്നു.