അക്ഷരാര്‍ഥത്തില്‍ ദൃശ്യ വിസ്‍മയങ്ങളുടെ ഒരു പൂരക്കാഴ്‍ചയാണ് ‘ആര്‍ആര്‍ആര്‍’. വൈകാരികാംശങ്ങള്‍ നിറഞ്ഞ പല കഥകളും സമര്‍ഥമായി ഇഴച്ചേര്‍ത്ത് പൊലിപ്പിച്ചെടുത്ത കാഴ്‍ചാനുഭവമാണ് ‘ആര്‍ആര്‍ആര്‍’. തിയറ്ററുകളില്‍ തന്നെ ചിത്രം കണ്ടിരിക്കേണ്ട ഒന്നുമാകുന്നു ‘ആര്‍ആര്‍ആര്‍’. ‘ബാഹുബലി’ക്ക് ശേഷം രാജമൗലി
മറ്റൊരു ബ്രഹ്‍മാണ്ഡ ചിത്രമായി എത്തിയപ്പോള്‍ പ്രതീക്ഷകള്‍ ഒന്നും വെറുതെയായില്ല (RRR review).
രാജ്യമൊട്ടാകെ എങ്ങനെയാണ് ഒരു സിനിമയിലേക്ക് ആകര്‍ഷിക്കുക എന്ന കച്ചവട തന്ത്രവും വീണ്ടും വിജയിപ്പിക്കുന്ന തരത്തിലാണ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. സിജി വര്‍ക്കിലെ മികവ് അടയാളപ്പെടുത്തുന്നതാണ് ‘ആര്‍ആര്‍ആര്‍’. ‘ബാഹുബലി’യുടെ ലോകമല്ല ആഖ്യാനത്തിലടക്കം രാജമൗലി ‘ആര്‍ആര്‍ആറി’ന് നല്‍കിയിരിക്കുന്നത്. അമ്പരിപ്പിക്കുന്ന കാഴ്‍ചകളാണ് ആര്‍ആര്‍ആറിന്റെയും ആകര്‍ഷണമെങ്കിലും ഫാന്റസിയെന്ന വിശേഷിപ്പിക്കാൻ സമ്മതിക്കാത്ത തരത്തിലാണ് രാജമൗലി ചിത്രം ഒരുക്കിയിരിക്കുന്നത്.
ആദ്യ പകുതിയില്‍ ചിത്രത്തിലെ ഹീറോകളെ അവതരിപ്പിക്കാനാണ് രാജമൗലി ശ്രമിച്ചിരിക്കുന്നത്. ചടുലമായ വേഗമാണ് ആദ്യ പകുതിക്ക്. ത്രില്ലടിപ്പിക്കുന്ന ദൃശ്യങ്ങളും അതിനൊത്തെ പ്രകടനങ്ങളുമായാണ് ആദ്യ പകുതി മുന്നേറുന്നു. കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ ശേഷമാണ് രാജമൗലി പ്രധാന സംഭവങ്ങളിലേക്ക് പോകുന്നത്.
ജൂനിയര്‍ എൻടിആറും രാം ചരണും ആറാടുകയാണ് ആദ്യ പകുതിയില്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സ്‍ക്രീനില്‍ മികച്ച രീതിയില്‍ അനുഭവഭേദ്യമാകുന്നു. കരുത്തുറ്റ നായകൻമാരായി ഇരുവരെയും പ്രേക്ഷക ഹൃദയത്തിലേക്ക് ചേര്‍ക്കുന്ന തരത്തിലാണ് രാജമൗലി ജൂനിയര്‍ എൻടിആറിനെയും രാം ചരണിനെയും അവതരിപ്പിച്ചിരിക്കുന്നത്. ജൂനിയര്‍ എൻടിആറും രാം ചരണും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ സൗഹൃദവും വര്‍ക്കാകുന്നുണ്ട്. നൃത്ത രംഗങ്ങളിലടക്കം ചിത്രത്തിന്റെ റിലീസ് മുന്നേ വീഡിയോകളില്‍ കണ്ടതില്‍ അപ്പുറം ജൂനിയര്‍ എൻടിആറും രാം ചരണും തിയറ്ററില്‍ വിസ്‍മയിപ്പിക്കുന്നു. ആക്ഷൻ രംഗങ്ങളിലും ഇരുവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നത്.
ഈടുറപ്പുള്ള തിരക്കഥയിലാണ് രാജമൗലി ‘ആര്‍ആര്‍ആര്‍’ നെയ്‍തെടുത്തിരിക്കുന്നത്. രംഗങ്ങള്‍ ഓരോന്നും കൃത്യമായി കണക്റ്റ് ചെയ്‍ത് മറ്റൊന്നിലേക്ക് എത്തിക്കുകയും മുഷിച്ചല്‍ തോന്നാല്‍ ഒരു നിമിഷം പോലും പ്രേക്ഷകനെ അനുവദിപ്പിക്കാത്ത തരത്തിലാണ് ആഖ്യാനം. കൃത്യമായി പാക്ക് ചെയ്‍ത് ഒരു ഇമോഷണല്‍ ആക്ഷൻ ഡ്രാമയായി ‘ആര്‍ആര്‍ആര്‍’ അവതരിപ്പിക്കുന്നതില്‍ രാജമൗലി വിജയം കൈവരിക്കാനായിയെന്ന് നിസംശയം പറയാം.
എം എം കീരവാണിയുടെ സംഗീതവും ചിത്രത്തെ മികവിലേക്ക് എത്തിക്കുന്നതില്‍ മികച്ച ഘടകമാകുന്നു. ഗാന രംഗങ്ങളൊക്കെ ചിത്രത്തെ പ്രേക്ഷകനിലേക്ക് അടുപ്പിക്കാൻ ഉതകുന്നതാണ്. രാജമൗലിയുടെ മനസ് അറിഞ്ഞാണ് കെ കെ സെന്തില്‍ കുമാറിന്റെ ഛായാഗ്രാഹണം. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റ ചടുലത ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനത്തിനുള്ള കയ്യടി കൂടിയാണ്.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ‘ആര്‍ആര്‍ആര്‍’ കഥ പറഞ്ഞിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ പരസ്‍പരം ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ട് സ്വാതന്ത്ര്യ സമര നായകൻമാരുടെ കഥ സങ്കല്‍പ്പത്തില്‍ മെനഞ്ഞൊണ് ഒരേ ഫ്രെയിമില്‍ എത്തിച്ചിരിക്കുന്നത്. വിശ്വസനീയമാം വിധമാണ് ചിത്രത്തില്‍ എഴുത്തുകാരന്റെ സമീപനം. ഇരുവരുടെയും സൗഹൃദവും സംഘര്‍ഷങ്ങളും ആണ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ കഥയുടെ കാതല്‍. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രം കാണുമ്പോള്‍ അമ്പരക്കുന്നതിന് കാരണം കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രൊജക്റ്റ് ഡിസൈനാണ്. എന്തായാലും ‘ബാഹുബലി’ക്ക് ശേഷം രാജമൗലി വീണ്ടും വിസ്‍മയിപ്പിച്ചിരിക്കുകയാണ്. തിയറ്ററുകള്‍ നിറയുംവിധമാകും ചിത്രമെന്ന് തിയറ്റര്‍ പരിസരങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.