തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ആണ്‍കുട്ടികളുമായുള്ള സൗഹൃദത്തെ എതിര്‍ത്ത അമ്മയെ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.തൂത്തുക്കുടി (Thoothukudi) നഗരസഭയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായ വണ്ണാര്‍ രണ്ടാം തെരുവില്‍ മാടസാമിയുടെ ഭാര്യ മുനിയലക്ഷ്മിയാണ് (35) കൊല്ലപ്പെട്ടത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങി മുനിയ ലക്ഷ്മി മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 17കാരിയായ മകളും ആണ്‍സുഹൃത്തുക്കളായ മുല്ലക്കാട് രാജീവ് നഗര്‍ സ്വദേശി കണ്ണന്‍ (20), മുത്തയ്യപുരം ടോപ് സ്ട്രീറ്റില്‍ തങ്കകുമാര്‍ (22) എന്നിവരുമാണ് പ്രതികള്‍. തങ്കകുമാറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും മൊബൈല്‍ ഫോണില്‍ നിരന്തരം സംസാരിക്കുന്നതിനെ മുനിയലക്ഷ്മി എതിര്‍ത്തിരുന്നു.
കഴിഞ്ഞദിവസം കൂടുതല്‍ ശകാരിച്ചതോടെ കാമുകന് തങ്കകുമാറിനെയും കണ്ണനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ മകള്‍ ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയെ സാരി കൊണ്ട് കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
തങ്ക കുമാറും കണ്ണനും പോയതിന് പിന്നാലെയാണ് പെണ്‍കുട്ടി പോലീസിനെ വിളിച്ച് തന്റെ അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്. ഇതേത്തുടര്‍ന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണത്തില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെയും തങ്കകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍, മുത്തു എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പോളിടെക്നിക്ക് പാതിവഴിയില്‍ ഉപേക്ഷിച്ച 17കാരിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ആണ്‍ സുഹൃത്തുക്കളുമായി മകള്‍ ഫോണില്‍ സംസാരിക്കുന്നത് മുനിയ ലക്ഷ്മി എതിര്‍ത്തിരുന്നു.