ചെന്നൈ: കോവിഡ് ആഘാതത്തിൽ നിന്നു ലോകം ഉണരുന്നതിനൊപ്പം നിക്ഷേപ കുതിപ്പിൽ തമിഴ്നാട്ടിലെ സ്റ്റാർട്ടപ്പുകൾ. ഈ വർഷത്തെ ആദ്യ 3 മാസങ്ങളിൽ 23 കരാറുകളിൽ നിന്നായി 1,235 മില്യൻ ഡോളർ (ഏകദേശം 9,386 കോടി രൂപ) സംസ്ഥാനത്തെ സ്റ്റാർട്ടപ്പു സമാഹരിച്ചെന്നാണു കണക്ക്.
കഴിഞ്ഞ വർഷം ഇതേ കാല യളവിൽ സംസ്ഥാനത്തെ 12 സ്റ്റാർട്ടപ്പുകൾക്കായി 530 മില്യൻ ഡോളർ ലഭിച്ച സ്ഥാനത്താണിപ്പോൾ ഇരട്ടിയിലേറെ നിക്ഷേപം. സ്വകാര്യ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളും അവയുടെ മൂല്യനിർണയവും കേന്ദ്രീകരിച്ചുള്ള ഗവേഷണ സേവനമായ വെഞ്ച്വർ ഇന്റലിജൻസാണു കണക്കുകൾ പുറത്തു വിട്ടത്. ഐടി മേഖലയിലാണു കൂടുതൽ നിക്ഷേപം, ഇതിൽ 13 സ്റ്റാർട്ടപ്പുകളുടെ ആസ്ഥാനം തമിഴ്നാട്ടിലാണ്. ബാക്കിയുള്ളവ വിദേശത്തേക്കു മാറി. എന്നാൽ, ഇവയ്ക്കു ഇപ്പോഴും തമിഴ്നാട്ടിൽ സാന്നിധ്യമുണ്ട്.