ചെന്നൈ • ഗതാഗതക്കുരുക്കു കുറയ്ക്കാനും നിയമലംഘകരെ കണ്ടെത്താനും വഴിയൊരുക്കുന്ന റിമോട്ട് നിയന്ത്രിത സിഗ്നൽ സംവിധാനവുമായി ഗ്രേറ്റർ ചെന്നൈ ട്രാഫിക് പൊലീസ്, വെച്ചേരിയിലെ 5 പോയിന്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ റിമോട്ട് നിയന്ത്രിത സിഗ്നലുകൾ പ്രവർത്തിപ്പിച്ചു തുടങ്ങി.
ട്രാഫിക് പോലീസുകാർക്കായുള്ള പ്രത്യേക കുടക്കീഴിൽ ഇരുന്ന് സ്വിച്ചുകൾ അമർത്തിയായിരുന്നു ഇതുവരെ സിഗ്നലുകൾ നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് 50 മുതൽ 100 മീറ്റർ വരെ അകലെനിന്നു സിഗ്നൽ പ്രവർത്തിപ്പിക്കാൻ കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ഗാന്ധി ഇർവിൻ റോഡ്, ഇവികെ സമ്പത്ത് പോയിന്റ്, റിതർഡൺ റോഡ്, ഡോ.നായർ റോഡ് പോയിന്റ്, ദാസപ്രകാശ് പോയിന്റ് എന്നിവിടങ്ങളിലാണ് ഇത് അവതരിപ്പിച്ചത്. വിജയശതമാനം പരിഗണിച്ച് ഇത് നഗരത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനു നിൽക്കാനും കൂടുതൽ വാഹനങ്ങളുള്ള മേഖല മനസ്സിലാക്കാനും ഇതുവഴി സാധിക്കും. ഇതനുസരിച്ചു മുൻഗണനാടിസ്ഥാനത്തിൽ സിഗ്നലുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. വൻ തോതിൽ വാഹനങ്ങൾ കടന്നു പോകുന്ന റോഡുകളിൽ വാഹനങ്ങൾക്ക് കൂടുതൽ സമയം നൽകും. അതുപോലെ ആംബുലൻസ് പോലെയുള്ളവ എത്തിയാൽ വേഗത്തിൽ വഴിയൊരുക്കാം.
കാൽനടയാത്രക്കാർക്ക് എളുപ്പത്തിൽ റോഡിനു കുറുകെ കടക്കാനും പുതിയ സംവിധാനം വഴി സാഹചര്യം ഒരുക്കാം.