ചെന്നൈ: തമിഴ്നാട്ടില്‍ വസ്തുനികുതി കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി. ഏപ്രില്‍ എട്ടിന് എല്ലാ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ അറിയിച്ചു. അതേസമയം, ഇന്ധനവില നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുമ്ബോള്‍ പ്രതിഷേധിക്കാത്ത ബി.ജെ.പിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി പലരും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ 24 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. 50 മുതല്‍ 150 ശതമാനം വരെയാണ് വര്‍ധന. ചെന്നൈയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 600 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ 50 ശതമാനവും 600-1200 ചതുരശ്ര അടിയില്‍ 75 ശതമാനവും 1201-1800 ചതുരശ്ര അടിയില്‍ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയുടെ നിരക്ക് 150 ശതമാനമാകും.
മറ്റു കോര്‍പറേഷനുകളില്‍ 600-1200 ചതുരശ്ര അടി വരെ 50 ശതമാനവും 1201 മുതല്‍ 1800 ചതുരശ്ര അടി വരെ 75 ശതമാനവും 1801 ചതുരശ്ര അടിയില്‍ കൂടുതലുള്ളവക്ക് 100 ശതമാനമായും ഉയരും. ഏപ്രില്‍ ഒന്നു മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു.