ചെന്നൈ: വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ റിലീസ് തമിഴ്നാട്ടില്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ചിത്രത്തില്‍ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ഉന്നയിച്ച് മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തുനല്‍കി.
‘തീവ്രവാദം, ബോംബാക്രമണം വെടിവെപ്പുകള്‍ എന്നിവക്ക് പിന്നില്‍ മുസ്‌ലിംകളാണെന്നാണ് സിനിമ പറയുന്നത്. ഇത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കും’ എന്ന് കത്തില്‍ വ്യക്തമാക്കുന്നു.
കുവൈറ്റില്‍ ചിത്രം വിലക്കിയിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഒരു ഹോസ്‌റ്റേജ് ത്രില്ലറാണ്. ‘വീരരാഘവന്‍’ എന്ന സ്‍പൈ ഏജന്‍റ് ആയാണ് വിജയ് വേഷമിടുന്നത്. മാസ്റ്ററിന്ശേഷം വിജയ് അഭിനയിച്ച ‘ബീസ്റ്റി’ല്‍ പൂജ ഹെഗ്ഡെയാണ് നായിക. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയേറ്ററുകളില്‍ എത്തുക.
ബീസ്റ്റിന്റെ കുവൈറ്റിലെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധ്യതകളേറെയാണ്. എന്നാല്‍ യു.എ.ഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.