ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നീറ്റ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) മുഖപത്രമായ മുരസൊലി. ഗവര്‍ണര്‍ സര്‍, നിങ്ങള്‍ രാഷ്ട്രപതിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖപത്രത്തിന്‍റെ ഇന്നത്തെ എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.
നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതിക്ക് കൈമാറാത്തതില്‍ ഭരണകക്ഷിയായ ഡി.എം.കെയും ഗവര്‍ണര്‍ ആര്‍.എന്‍ രവിയും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.
ഒരു തവണ തമിഴ്നാട് നിയമസഭയില്‍ പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ ഗവര്‍ണര്‍ മടക്കി അയച്ചതിന് ശേഷം 2022 ഫെബ്രുവരി 8 ന് വീണ്ടും നിയമസഭ പാസാക്കുകയായിരുന്നു. ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലിന് തമിഴ്നാട് നിയമസഭയില്‍ വീണ്ടും അംഗീകാരം നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
നീറ്റ് വിരുദ്ധ ബില്‍ രണ്ടാം തവണയും സഭ പാസാക്കിയിട്ട് രണ്ട് മാസത്തിലേറെയായി. എന്നാല്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി ബില്‍ ഇതുവരെ രാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് തമിഴ്നാടിന്‍റെ പുതുവര്‍ഷത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ഒരുക്കിയ ചായ സല്‍ക്കാരം ഡി.എം.കെയും സഖ്യകക്ഷികളും ബഹിഷ്‌കരിച്ചിരുന്നു.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയക്കലാണ് ഗവര്‍ണറുടെ കടമ. എന്നാല്‍ അത് നിറവേറ്റുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്ന് മുഖപത്രം കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് നീറ്റ് വിരുദ്ധ ബില്ല് സംസ്ഥാന അസംബ്ലി പാസാക്കിയതെന്നും അതിന്റെ പശ്ചാത്തലമെന്താണെന്നും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. പ്രവേശന പരീക്ഷ മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ദരിദ്രരും നിരാലംബരുമായ വിദ്യാര്‍ഥികളാണ്. അവരുടെ ദുഃഖകരമായ അവസ്ഥയെക്കുറിച്ചാണ് മുഖപത്രം സംസാരിക്കുന്നത്.
നീറ്റ് വിരുദ്ധ ബില്‍ രാഷ്ട്രപതിക്ക് കൈമാറുന്നതില്‍ തുടരുന്ന കാലതാമസം ചൂണ്ടിക്കാണിച്ച് വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന് ഗവര്‍ണര്‍ മനസ്സിലാക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.