Home Featured SA Chandrasekhar : ‘‌മോശം തിരക്കഥയും അവതരണവും’; ബീസ്റ്റിനെക്കുറിച്ച് വിജയ്‍യുടെ പിതാവ്

SA Chandrasekhar : ‘‌മോശം തിരക്കഥയും അവതരണവും’; ബീസ്റ്റിനെക്കുറിച്ച് വിജയ്‍യുടെ പിതാവ്

by jameema shabeer

കോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു വിജയ് (Vijay) നായകനായ ബീസ്റ്റ് (Beast). മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രം എന്നതിനൊപ്പം ഡോക്ടറിനു ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്.

എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രം എത്തിയതിന്‍റെ തൊട്ടുപിറ്റേന്ന് കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബോക്സ് ഓഫീസിലും ബീസ്റ്റ് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വിമര്‍ശന സ്വരത്തില്‍ വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ (SA Chandrasekhar) പറഞ്ഞ അഭിപ്രായവും വൈറല്‍ ആയിരിക്കുകയാണ്.

ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു. തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബീസ്റ്റിനെ വിമര്‍ശിച്ചത്. അറബിക് കുത്ത് പാട്ട് എത്തുന്നതു വരെ ചിത്രം താന്‍ ആസ്വദിച്ചെന്നും അതിനു ശേഷം കണ്ടിരിക്കാന്‍ പ്രേമിപ്പിക്കുന്നതായിരുന്നില്ല ചിത്രമെന്നും ചന്ദ്രശേഖര്‍ പറയുന്നു-

“വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകര്‍ക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ കരിയറിന്‍റെ തുടക്കത്തില്‍ അവര്‍ ചെയ്യും. പക്ഷേ ഒരു സൂപ്പര്‍ താരത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ഉദാസീനത കാട്ടും. നായകന്‍റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവര്‍ കരുതുക”, ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

താരം എത്തി എന്നതുകൊണ്ട് സംവിധായകര്‍ തങ്ങളുടെ ശൈലിയെ മാറ്റേണ്ടതില്ലെന്നും എന്നാല്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങള്‍ സുഗമമായിത്തന്നെ ഉള്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ബോക്സ് ഓഫീസില്‍ വിജയം നേടുമെങ്കിലും ചിത്രം ഒട്ടും തൃപ്തികരമല്ല. ഒരു സിനിമയുടെ മാജിക് അതിന്‍റെ തിരക്കഥയിലാണ്. ബീസ്റ്റിന് ഒരു നല്ല തിരക്കഥയില്ല”, എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു.

റോ ഉദ്യോഗസ്ഥനാണ് ചിത്രത്തില്‍‍ വിജയ്‍യുടെ കഥാപാത്രം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, കലാസംവിധാനം ഡി ആര്‍ കെ കിരണ്‍, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജന്‍, വിഎഫ്എക്സ് ബിജോയ് അര്‍പ്പുതരാജ്, ഫാന്‍റം എഫ്എക്സ്, സ്റ്റണ്ട് അന്‍പറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.

You may also like

error: Content is protected !!
Join Our Whatsapp