ചെന്നൈ : ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത 17 കാരൻ കൊല്ലപ്പെട്ടു. തമിഴ്നാട്ടിൽ വിദ്യാർഥികൾ തമ്മിലുള്ള അടിപിടിയിലാണ് 17കാരൻ മരിച്ചത്. കൈത്തണ്ടയിൽ കെട്ടുന്ന റിസ്റ്റ് ബാൻഡുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർഥികൾ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചത്.
തിരുനെൽവെലി സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ജാതി ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്ന റിസ്റ്റ് ബാൻഡ് ധരിച്ച് സ്കൂളിൽ എത്തിയ പതിനൊന്നാം ക്ലാസുകാരനെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന 17കാരൻ ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പതിനൊന്നാം ക്ലാസുകാരന് പിന്തുണയുമായി അതേ ക്ലാസിൽ പഠിക്കുന്ന മറ്റു രണ്ടു വിദ്യാർഥികൾ കൂടി എത്തി. തുടർന്ന് സ്കൂൾ പരിസരത്ത് വച്ച് നടന്ന അടിപിടിയിലാണ് 17കാരൻ മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്പെന്റ് ചെയ്തു.
ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണകാരണം. ചെവിക്കും തലയുടെ ഒരു ഭാഗത്തുമാണ് അടിയേറ്റത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.