തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: അച്ചടക്കമില്ലാതെ പെരുമാറുന്ന വിദ്യാർഥികൾ അതിനു നടപടി നേരിട്ടാൽ വിടുതൽ സർട്ടിഫിക്കറ്റുകളിൽ (ടിസി) അത്തരം വിവരങ്ങൾ രേഖപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്തുടനീളം വിദ്യാർഥികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളും അച്ചടക്ക ലംഘന പരാതികളും വ്യാപകമായ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത അധ്യയന വർഷം ആദ്യം ബോധ വൽക്കരണ ക്ലാസുകൾ നടത്തുമെന്നും അതിനു ശേഷം മാത്രമേ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ആരംഭിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കോവിഡിനെ തുടർന്നുള്ള ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികളിൽ അശ്രദ്ധ വർധിക്കാനും വിഷാദ രോഗത്തിനും കാരണമായിട്ടുണ്ട്. കുട്ടികൾക്കായി കൗൺ സലിങ് അടക്കമുള്ള സേവനങ്ങളും നടപ്പിലാക്കുന്നുണ്ട്.
സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് പൂർണമായും തടയും. ക്ലാസുകളിൽ തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുന്ന വിദ്യാർഥികളെ പുറത്താക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളാനാണു തീരുമാനം. കുട്ടികളിലെ അച്ചടക്കരാഹിത്യത്തിന് അധ്യാപകരെ വിമർശിക്കുന്നതിൽ അർഥമില്ല. കുട്ടികൾക്കും രക്ഷിതാക്കൾക്കും സർക്കാരിനും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമുണ്ട്. പ്രശ്നങ്ങളുണ്ടാക്കുന്ന വിദ്യാർഥികളെ സ്കൂളിൽ നിന്ന് സ്ഥിരമായി പുറത്താക്കുമെന്നും ടിസിയിലും ഭാവി സർട്ടിഫിക്കറ്റിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.