ചെന്നൈ • നഗരത്തിലെ തിരക്കിനു വലിയൊരളവു വരെ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ടി നഗർ ആകാശപാത (സ്കൈ വാക് )ഉദ്ഘാടനത്തിനു സജ്ജമാകുന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക്
അനുഭവപ്പെടുന്ന പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായ ടി നഗറിലെ ബസ് ടെർമിനലിനെ മാമ്പലം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് ആകാശപാത, പാത തുറക്കുന്നതോടെ തിരക്കേറിയ തെരുവുകളിലൂടെ തിങ്ങി ഞെരുങ്ങിയുള്ള യാത്ര അവസാനിക്കുമെന്നാണു പ്രതീക്ഷ.
നിർമാണം ഏതാണ്ടു പൂർത്തിയായതിനാൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്നാണു കരുതുന്നത്.
വാരാന്ത്യങ്ങളിലും ഷോപ്പിങ് സീസണുകളിലും തിരക്കിൽ വീർപ്പുമുട്ടുന്ന ഇടമാണ് ടി നഗർ. ചില സമയങ്ങളിൽ സൂചികുത്താൻ പോലും ഇടമില്ലാത്ത അവസ്ഥ. ഈ തിരക്കിന് അറുതി വരുത്തുകയാണ് ആകാശപാതയിലൂടെ ലക്ഷ്യമിടുന്നത്. മാമ്പലം റെയിൽവേ സ്റ്റേഷനെയും ടി നഗർ ബസ് ടെർമിനലിനെയും ബന്ധിപ്പിച്ചു പാത വരുന്നതോടെ ഉസ്മാൻ റോഡിലെയും രംഗനാഥൻ സ്ട്രീറ്റിലെയും തിരക്കു കുറയും, ഷോപ്പിങ്ങിനായി എത്തുന്നവരും ബസ്, ട്രെയിൻ എന്നിവ കയറുന്നവരും കടന്നു പോകുന്ന ഇടങ്ങളാണ് ഉസ്മാൻ റോഡും രംഗനാ ഥൻ സ്ട്രീറ്റും. ആകാശ പാത യാഥാർഥ്യമാകുന്ന തോടെ ബസ് ട്രെയിൻ എന്നിവ കയറാനുള്ളവരുടെ തിരക്ക് ഒഴിവാകും. ടി നഗറിനു സമീപമുള്ള മാമ്പപലം റെയിൽ സ്റ്റേഷനിൽ ദിവസേന അൻപതിനായിരത്തിലറെ പേരാണു വന്നു പോകുന്നത്.
സ്മാർട് സിറ്റി പദ്ധതിയുടെ കീഴിൽ 2020 ഡിസംബറിൽ ആരംഭിച്ച നിർമാണം 15 മാസം കൊണ്ടു പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കോവിഡും മറ്റും മൂലം കൃത്യസമയത്തു പൂർത്തിയാക്കാനായില്ല. 600 മീറ്റർ നീളവും 4 മീറ്റർ വിതിയുമുള്ള പാത മാൾഡി റോഡ് അടിപ്പാതയ്ക്കും മാമ്പലം സ്റ്റേഷൻ റോഡിനും മുകളിലുടെ കടന്നുപോകും
ആകാശ പാതയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി ബസ് ടെർമിനലിനു സമീപം ലിഫ്റ്റും റെയിൽവേ സ്റ്റേഷനു സമീപം എസ്കലേറ്ററും സ്ഥാപിക്കും. മുതിർന്നവർക്കും ഭിന്നശേഷി ക്കാർക്കും സഹായത്തിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളും ഏർപ്പെടുത്തും. സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കുന്നതിനു പാതയിൽ എപ്പോഴും വെളിച്ചം ലഭ്യമാക്കും.