തെന്നിന്ത്യൻ സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആവേശത്തിലാണ് . വിജയ് നായകയായി എത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ജൂൺ മൂന്നിനാണ് തിയറ്ററുകളിൽ എത്തുക.വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ സൂര്യയും ഉണ്ടാകും എന്ന വാർത്തകൾ കുറച്ചു നാളുകളായി പ്രചരിച്ചിരുന്നു.
അതുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. സൂര്യ ഉണ്ടെന്നും ഇല്ലെന്നുമുള്ള നിരവധി വാദപ്രതിവാദങ്ങളും സൂര്യ ആരാധകർക്കിടയിൽ നടന്നിരുന്നു.ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകിക്കൊണ്ട് ലോകേഷ് കനകരാജ് രംഗത്തെത്തി. തനിക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള സൂര്യയുടെ ചിത്രമാണ് ലോകേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
വിക്രത്തിന്റെ ലോകത്തേക്ക് സൂര്യ സാറിനെ സ്വീകരിക്കാന്‍ ഒരുപാട് സന്തോഷം എന്നാണ് ചിത്രത്തിനൊപ്പം സംവിധായകന്‍ കുറിച്ചത്.ഇപ്പോഴിതാ സൂര്യയുടെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് കമൽ ഹാസൻ. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ഉലകനായകൻ ഇക്കാര്യം പറയുന്നത്. സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നതെന്നും ആ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി.
വിക്രം മൂന്നാം ഭാഗം സംഭവിച്ചേക്കാം എന്നും കമൽ ഹാസൻ പറഞ്ഞു. അവസാന നിമിഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സൂര്യയുടെ കഥാപാത്രം ആയിരിക്കും മൂന്നാം ഭാഗത്തേക്ക് നയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സോണി മ്യൂസിക് സൗത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയത് ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലെ തന്നെ വിക്രം ഒരു മാസ്സ് സിനിമ ആയിരിക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ഫഹദ് ഫാസിൽ വിജയ് സേതുപതി ചെമ്പൻ വിനോദ് നരേൻ തുടങ്ങിയവരെ ട്രെയിലറിൽ കാണാം.
സുപ്രധാന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് അവതരിപ്പിക്കുക എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.ഇന്ത്യൻ 2വിന് ശേഷം കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. 110 ദിവസം ആയിരുന്നു വിക്രത്തിന്റെ ഷെഡ്യൂൾ. അർജുൻ ദാസ് , കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
സംഗീതം അനിരുദ്ധ് രവിചന്ദറും നിർവഹിക്കുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍ എന്നിവരാണ് മറ്റ് അണിയറക്കാർ.