ചെന്നൈ:ചെന്നൈയിലെ ഒരു പ്രമുഖ മാളില്‍ അനുമതിയില്ലാതെ നടത്തിയ ഡി.ജെ. പാര്‍ട്ടിയില്‍ മദ്യം കഴിച്ച യുവാവ് മരിച്ചു.സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത പൊലീസ് തിരച്ചില്‍ തുടങ്ങി. രാജ്യാന്തര ജോക്കിയായ ബ്രസീല്‍ സ്വദേശി മണ്ട്ര ഗോറയുടെ പാര്‍ട്ടിക്കിടെ പൊലീസും എക്സൈസും നടത്തിയ റെയ്ഡില്‍ 844 കുപ്പി മുന്തിയ മദ്യവും പിടിച്ചെടുത്തു.ഡി.ജെ. പ്രേമികളുടെ സിരകളെ തീപിടിപ്പിക്കുന്ന രാജ്യാന്തര ജോക്കി മണ്ട്ര ഗോറ ചെന്നൈയിലെത്തുന്നുവെന്നു കാണിച്ചു സമൂഹമാധ്യമങ്ങളില്‍ വന്‍പരസ്യമാണു നല്‍കിയിരുന്നത്.
തിരുമംഗലത്തെ വി.ആര്‍.മാളിലെ നാലാം നിലയിലെ ബാറിലായിരുന്നു മദ്യവും പാട്ടും ലഹരിയും വഴിഞ്ഞൊഴുകുന്ന പാര്‍ട്ടി. മദ്യവും ഭക്ഷണവും ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്കെന്നും പരസ്യത്തില്‍ പ്രത്യേകമുണ്ടായിരുന്നു.
നാലരയ്ക്കു തുടങ്ങിയ പരിപാടി പാതി പിന്നിടുന്നതിനു മുന്‍പെ എക്സൈസിനു വിവരം ചോര്‍ന്നുകിട്ടി. ഡി.ജെ. നടത്താനോ മദ്യം വിളമ്ബാനോ വേണ്ട അനുമതികള്‍ ബാര്‍ അധികൃതര്‍ എടുത്തിട്ടില്ലെന്നു സ്ഥിരീകരിച്ചു. ഇതിനിടയ്ക്കാണു മടിപ്പാക്കം സ്വദേശിയായ 23കാരന്‍ പ്രവീണ്‍ കുഴഞ്ഞു വീണത്.
അമിതമായി മദ്യം കഴിച്ചതിനെ തുടര്‍ന്ന് ബോധം പോയതാണെന്നു മനസിലാക്കിയ കൂടെയുണ്ടായിരുന്നവര്‍ തിരുമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് രാജീവ്ഗാന്ധി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാര്‍ട്ടിക്കെത്തിയവര്‍ വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ നിരവധി പേരില്‍ നിന്നു പരിശോധയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന.