ചെന്നൈ • ഷൂസിനുള്ളിൽ കുഴമ്പു രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോയിലേറെ സ്വർണവുമായി മലയാളി പിടിയിൽ. കണ്ണൂർ മേക്കുന്ന് പെരിങ്ങത്തൂർ സ്വദേശി കെ.നിസാറാണു പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ നിസാറിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സിറ്റ് ഗേറ്റിൽ തടഞ്ഞു.
പരിശോധനയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. 80 ലക്ഷത്തിലേറെ രൂപ വിലവരുന്ന 1.635 കിലോഗ്രാം സ്വർണമാണു കണ്ടെത്തിയത്.
മറ്റൊരു സംഭവത്തിൽ 2 തമിഴ്നാട് സ്വദേശികളിൽ നിന്നായി 10.70 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസിയും കൊളംബോയിൽ നിന്നെത്തിയ 6 യാത്രക്കാരിൽ നിന്നായി 1.5 കിലോ സ്വർണവും കണ്ടെടുത്തു. യാത്രക്കാരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു.