ചെന്നൈ :1-10 ക്ലാസ് വിദ്യാർഥികൾക്കായി സ്കൂളുകൾ ജൂൺ 13നു തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ ക്ലാസ് 27നും പ്ലസ് ടു ക്ലാസ് 20നും ആരംഭിക്കും. 1 മുതൽ 9 വരെയുള്ള വിദ്യാർഥികൾക്കു കഴിഞ്ഞ 13 മുതൽ വേനലവധി ആരംഭിച്ചിരുന്നു. ജൂൺ 13ന് അടുത്ത അധ്യയന വർഷം ആരംഭിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നെങ്കിലും ചിലപ്പോൾ അവസാന വാരത്തിലേക്കു നീട്ടിയേക്കുമെന്നു സൂചന ഉണ്ടായിരുന്നു. പരീക്ഷാ മൂല്യനിർണയം, അധ്യാപക പരിശീലനം തുടങ്ങിയവ മൂലമായിരുന്നു ഇത്.
എന്നാൽ ഇവ വേഗം പൂർത്തിയാക്കി 13നു സ്കൂൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.ഡിഎംകെ സർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ മുഖ്യമന്ത്രി എം.കെ.സാലിൻ പ്രഖ്യാപിച്ച സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പുതിയ അധ്യയന വർഷം മുതൽ നടപ്പാക്കും. സംസ്ഥാനത്തെ 21 കോർപറേഷനുകളിലെയും സർക്കാർ സ്കൂളുകളിൽ പദ്ധതി നടപ്പാക്കും. കാലത്ത് 8.30നു ഭക്ഷണം നൽകും. 9നു ക്ലാസ് ആരംഭിക്കും.
ഇതിനു പുറമേ സ്കൂളുകളിൽ നടപ്പാക്കുന്ന ഡിജിറ്റൽ പരിഷ്കാരങ്ങളും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. അധ്യാപകർക്ക് അവധിക്ക് അപേക്ഷിക്കുന്നതിനായി ആപ് ലഭ്യമാക്കും.അവധി നൽകുന്നതിനായി എഴുതി നൽകുന്ന അപേക്ഷയ്ക്കു പകരം ആപ്പിൽ അപേക്ഷിച്ചാൽ മതിയാകും. പരീക്ഷാ ടൈംടേബിൾ, അവധി ദിനങ്ങൾ അടക്കം സ്കൂൾ കലണ്ടർ പൂർണമായി ഓൺലൈനാക്കാനും തീരുമാനിച്ചു.