മഥുര (യു.പി): ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുമാറ്റുകയും പള്ളിയുടെ ഭൂമി ശ്രീകൃഷ്ണ ക്ഷേത്രത്തിന് കൈമാറുകയും ചെയ്യണമെന്ന ഹരജി ജൂലൈ ഒന്നിലേക്ക് മാറ്റി. വ്യാഴാഴ്ച കേസ് പരിഗണിച്ച മഥുര സിവില്‍ ജഡ്ജിയാണ് (സീനിയര്‍ ഡിവിഷന്‍) കേസ് മാറ്റിയത്.
ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കുന്നതാണെന്ന് ജില്ല കോടതി വിധിച്ചതിനെ തുടര്‍ന്നാണ് ആദ്യമായി ഹരജി പരിഗണിച്ചത്. എതിര്‍കക്ഷികളായ യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവക്ക് ഹരജി പകര്‍പ്പ് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. 2020 സെപ്റ്റംബര്‍ 25നാണ് ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരില്‍ ലഖ്നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറുപേരും ചേര്‍ന്ന് ഹരജി നല്‍കിയത്. ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ കോടതിയിലെത്തിയത്.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനില്‍ക്കുന്നതെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ വിരാജ്മാന്‍ പ്രതിമക്ക് തിരികെ നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍, 2020 സെപ്റ്റംബര്‍ 30ന് സിവില്‍ കോടതി ഹരജി സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇതിനെതിരെ ഹരജിക്കാര്‍ ജില്ല കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മേയ് 19നാണ് ഹരജി നിലനില്‍ക്കുന്നതാണെന്ന് വിധിയുണ്ടായത്.
ഗ്യാന്‍വാപി: മസ്ജിദ് കമ്മിറ്റിവാദം 30ന് വീണ്ടും കേള്‍ക്കും
വാരാണസി: ഗ്യാന്‍വാപി കേസില്‍ തല്‍സ്ഥിതി തുടരണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ വാരാണസി ജില്ല കോടതിയില്‍ വ്യാഴാഴ്ച വാദം പൂര്‍ത്തിയായില്ല. ഇതേ തുടര്‍ന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്റെ വാദം മേയ് 30ന് തുടരും. കോടതി നിയോഗിച്ച കമീഷന്‍ മസ്ജിദില്‍ നടത്തിയ വിഡിയോ സര്‍വേ റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹരജി നല്‍കാന്‍ ചൊവ്വാഴ്ച കോടതി ഇരു വിഭാഗത്തിനും ഒരാഴ്ച കൂടി അനുവദിച്ചിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹരജി മുന്‍ഗണനയോടെ പരിഗണിക്കണമെന്ന് മേയ് 20ന് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയ ഉത്തരവിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്.