ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച ‘തമിഴ്ത്തായ് വാഴ്ത്ത്’ ഗാനാലാപന വേളയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗിരി എഴുന്നേറ്റ് നില്‍ക്കാത്തതിനെ ചോദ്യം ചെയ്ത് ഡി.എം.കെ നേതാവും സംസ്ഥാന ഐ.ടി മന്ത്രിയുമായ മനോ തങ്കരാജ് രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് നിന്നപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലുടെ പങ്കെടുത്ത കേന്ദ്രമന്ത്രി കസേരിയിലിരിക്കുകയായിരുന്നുവെന്നും ഇതിലൂടെ തമിഴക ജനതയെ അവഹേളിച്ചതായും മന്ത്രി ആരോപിച്ചു.
വ്യാഴാഴ്ച ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 31,500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തുടങ്ങിയവരും സംബന്ധിച്ചു. തമിഴിനെയും തമിഴ്നാടിന്റെ സംസ്കാരത്തെയും പ്രധാനമന്ത്രി പ്രശംസിച്ചാണ് സംസാരിച്ചത്. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റെല്ലാവരും തമിഴ്ത്തായ് വാഴ്ത്തിന്റെ സമയത്ത് എഴുന്നേറ്റ് നിന്നിരുന്നു.
2018 ല്‍ ഐ.ഐ.ടിയില്‍ നടന്ന ചടങ്ങിലും നിതിന്‍ ഗഡ്കരി തമിഴ്ത്തായ് വാഴ്ത്ത് പാടുന്ന സമയത്ത് ആദരസൂചകമായി എഴുന്നേറ്റ് നിന്നിരുന്നില്ല. തുടര്‍ച്ചയായി തമിഴ്നാടിന്റെ ഔദ്യോഗിക ഗാനത്തെ അവഗണിക്കുന്നതില്‍ നിതിന്‍ ഗഡ്കരി വിശദീകരണം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തമിഴ്നാട്ടില്‍ സംഘടിപ്പിക്കുന്ന മുഴുവന്‍ പൊതുപരിപാടികളും തമിഴ് തായ്വാഴ്ത്ത് ഗാനാലാപനത്തോടെ ആരംഭിക്കണമെന്നും ഈ സമയത്ത് ഭിന്നശേഷിക്കാര്‍ ഒഴികെ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും ഈയിടെ തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തമിഴ് തായ്വാഴ്ത്ത് ഒരു പ്രാര്‍ഥനാഗാനം മാത്രമാണെന്നും ഇത് ആലപിക്കുമ്ബോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും മദ്രാസ് ഹൈകോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.