ചെന്നൈ: ബാധയൊഴിപ്പിക്കലിന്റെ പേരില്‍ സ്ത്രീകളെ ചാട്ടക്കടിച്ച് തമിഴ്നാട് നാമക്കലില്‍ ക്ഷേത്രോത്സവം. ദുര്‍മന്ത്രവാദത്തിന് അടിമപ്പെട്ടവരാണെന്ന് ആരോപിച്ചാണ് പൂജാരി സ്ത്രീകളെ ചാട്ടവാറുകൊണ്ട് അടിക്കുന്നത്. നാമക്കല്‍ ജില്ലയില്‍ വരദരാജപെരുമാള്‍ മാരിയമ്മന്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബാധയൊഴിപ്പിക്കല്‍ ചടങ്ങ് നടത്തുന്നത്. 20 വര്‍ഷമായി നിര്‍ത്തിവെച്ച ചടങ്ങാണ് ഈ വര്‍ഷം പുനരാരംഭിച്ചത്.
ചടങ്ങില്‍ കറുത്ത വസ്ത്രം ധരിച്ച പൂജാരി, സ്ത്രീകളെ ചാട്ടകൊണ്ട് അടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പിശാചിനെ അകറ്റുന്ന കാട്ടേരി എന്ന മൂര്‍ത്തിയായാണ് ഇയാളെ സങ്കല്‍പ്പിക്കുന്നത്.
20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചടങ്ങായതിനാല്‍ അടുത്തുള്ള 18 ഗ്രാമങ്ങളില്‍ നിന്നും വലിയ ജനക്കൂട്ടം ക്ഷേത്രത്തില്‍ എത്തിയിരുന്നു. കാണികള്‍ കൂക്കിവിളിക്കുന്നതും അടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. ഈ ആചാരം നടത്തുന്നത് നാടിന് നന്മ കൊണ്ടുവരുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവം ഏപ്രില്‍ 29 നാണ് തുടങ്ങിയത്.