ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് 19കാരന് ദാരുണാന്ത്യം. ചെന്നൈ തിരുവലങ്ങാട് പ്രസിഡന്‍സി കോളജ് വിദ്യാര്‍ഥി നീതി ദേവന് ആണ് മരിച്ചത്. ട്രെയിനിന്റെ ഫുട്ബോര്ഡില് നിന്ന് അഭ്യാസം കാണിക്കുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ തിരുവള്ളൂര്‍ സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ ദക്ഷിണ റെയില്‍വേ അനുശോചനമറിയിച്ചു. സംഭവത്തെ ഓര്‍മപ്പെടുത്തലായി കാണണമെന്നും ട്രെയിനില്‍ നിന്നുകൊണ്ടുള്ള സാഹസിക യാത്ര ഒഴിവാക്കണമെന്നും ഡിവിഷനല്‍ മാനേജര്‍ വ്യക്തമാക്കി.
അതേസമയം അപകടത്തിന് മുന്‍പ് വിദ്യാര്‍ഥി മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഓടുന്ന ട്രെയിനിന്റെ സ്റ്റെപില്‍ നിന്നും ജനല്‍ കമ്ബിയില്‍ ചവിട്ടിയും സാഹസികത കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിദ്യാര്‍ഥികളില്‍ പലരും ട്രെയിനിന്റെ ജനല്‍ കമ്ബിയില്‍ ചവിട്ടിനില്ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.