ചെന്നൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ ടി നഗറിലേയും മറ്റുചില ശാഖകളിലുമുളള 100 പേരുടെ അക്കൗണ്ടിലേക്ക് ഉടമസ്ഥര്‍ അറിയാതെ പണമെത്തി. 13 കോടി രൂപയാണ് എത്തിയത്. എന്നാല്‍ സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് അധികം വൈകാതെ തന്നെ ഈ അക്കൗണ്ടുകള്‍ എച്ച്ഡിഎഫ്സി ബാങ്ക് മരവിപ്പിച്ചു.
10,000 രൂപ നിക്ഷേപിച്ചതായാണ് എസ്എംഎസ്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 13 കോടിയിലേറെ രൂപയാണ് എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സെര്‍വറിലെ പ്രശ്നമാണ് ഇത്തരത്തില്‍ പണക്കൈമാറ്റം നടന്നതിന് കാരണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ആര്‍ക്കും പണമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
പണമിടപാട് കേസുകള്‍ പരിഗണിക്കുന്ന തമിഴ്നാട് പൊലീസിലെ പ്രത്യേക വിഭാഗം കേസെടുത്ത് അന്വേഷണമാരംഭിച്ചു. അക്കൗണ്ടില്‍ പണമെത്തിയതായി കാണിച്ച് ചിലര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചത്. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അയച്ചതായിട്ടാണ് സന്ദേശം വന്നത്. ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.