Home Featured ചെന്നൈ:ക്ഷേത്രം നവീകരിക്കാനെന്ന പേരില്‍ പണം തട്ടി; യൂട്യൂബര്‍ അറസ്റ്റിൽ

ചെന്നൈ:ക്ഷേത്രം നവീകരിക്കാനെന്ന പേരില്‍ പണം തട്ടി; യൂട്യൂബര്‍ അറസ്റ്റിൽ

ചെന്നൈ : അരുള്‍മിഗു മധുര കാളിയമ്മ ക്ഷേത്രത്തിലെ നവീകരണത്തിന്‍റെ പേരില്‍ പണം തട്ടിയെടുത്ത യൂട്യൂബറെ അറസ്റ്റ് ചെയ്തു.’ഇളയ ഭാരതം’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള കാര്‍ത്തിക് ഗോപിനാഥിനെയാണ് തിങ്കളാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. മധുര കാളിയമ്മന്‍ തിരുക്കോവില്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ടി. അരവിന്ദന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രത്തിന്‍റെ ഉപക്ഷേത്രങ്ങളിലെ പ്രതിമകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളോട് പണം നല്‍കാന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ കാര്‍ത്തിക് അഭ്യര്‍ഥിച്ചിരുന്നു. ധനസമാഹരണത്തിനായി സ്വന്തമായൊരു വെബ്സൈറ്റും ഇയാള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

എന്നാല്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയൊന്നും വാങ്ങാതെയും അനധികൃതവുമായാണ് കാര്‍ത്തിക്ക് ധനസമാഹരണം സംഘടിപ്പിച്ചതെന്ന് അരവിന്ദന്‍ പരാതിയില്‍ പറഞ്ഞു. കാര്‍ത്തിക്ക് തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ തുക ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കാര്‍ത്തിക്കിനെതിരെ ഐ.പി.സി 406, 420 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp