ചെന്നൈ: കളിക്കുന്നതിനിടെ വിക്സ് ഡപ്പി തൊണ്ടയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രണ്ടുവയസ്സുകാരിക്ക് ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലില്‍ പുനര്ജന്മം. തമിഴ്നാട്ടിലെ തിരുവണ്ണാമല മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ജീവന് അപകടത്തിലായ കുഞ്ഞിനെ രക്ഷിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ചെന്നൈ മേടവകം സ്വദേശി സോബന് ബാബുവിന്റെ മകള്‍ ഹര്ഷിണി കളിക്കുന്നതിനിടെ വിക്സിന്റെ ഡപ്പി വിഴുങ്ങിയത്. തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസ്സത്തിന് കാരണമായ ഡപ്പി പുറത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച താണിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശ്രമിച്ചെങ്കിലും ഡപ്പി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
കുട്ടിയുടെ ശ്വാസോച്ഛ്വാസം മന്ദഗതിയിലാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് തിരുവണ്ണാമല സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. മെഡിക്കല്‍ കോളേജിലെത്തുമ്ബോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയുടെ ജീവന് അപകടത്തിലാണെന്നു മനസ്സിലാക്കിയ ഇ.എന്‍.ടി വിദഗ്ധന്‍ ഡോ. കമലക്കണ്ണന്റെ നേതൃത്വത്തിലുള്ള ചികിത്സാസംഘം ശസ്ത്രക്രിയാ യൂണിറ്റിലെത്തിച്ച് ചികിത്സ ആരംഭിച്ചു.