ചെന്നൈ: പുയൽ ചുഴലിക്കാറ്റിൽ നശിച്ച് രാമേശ്വരം – ധനുഷ്കോടി റെയിൽവേ പാതയുടെ പുനർനിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. 58 വർഷങ്ങൾക്ക് ശേഷമാണു പുനർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.17.20 കിലോമീറ്റർ നീളമുള്ള പാത 5 കിലോമീറ്റർ ഭൂമിയിലൂടെയും ബാക്കി പാലത്തിലുമായിരിക്കും. സിംഗിൾ ലൈൻ പാത വൈദ്യുതീകരിച്ച് ബ്രോഡ്ഗേജുമായി ബന്ധിപ്പിക്കും.
2019 മാർച്ച് ഒന്നിന് പ്രധാനമ നരേന്ദ്രമോദി പ്രഖ്യാപിച്ച് പദ്ധതിക്ക് 3 വർഷത്തിന് ശേഷമാണു സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയത്. 28.6 ഹെക്ടർ വനഭൂമിയും 43.81 ഹെക്ടർ സർക്കാർ ഭൂമിയും 3.66 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കുക. 3 ഹാൾട്ട് സ്റ്റേഷനുകളും ഒരു ടെർമിനൽ സ്റ്റേഷനും പാതയിലുണ്ടാകും.ധനുഷ്കോടിയിലെ പഴയ റെയിൽവേ സ്റ്റേഷൻ പൊളിച്ച് പുതിയതു നിർമിക്കും.ധനുഷ്കോടിയിൽ റെയിൽവേ ഭൂമി കയ്യേറിയ നൂറിലധികം കുടിലുകൾ പൊളിക്കും.
രാമേശ്വരത്തിനും ധനുഷ്കോടിക്കുമിടയിൽ ജഡായു തീർഥം, ഗോദണ്ഡരാമക്ഷേത്രം, മുകുന്ദരായർ ചത്രം എന്നിവിടങ്ങളിൽ പുതിയ റെയിൽവേ സ്റ്റേഷനുകൾ സ്ഥാ പിക്കും. 733 കോടി രൂപയാണ് ആകെ ചെലവ്. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണു ശ്രമം.1964 ഡിസംബർ 23ന് ഉണ്ടായ ചുഴലിക്കാറ്റിൽ അകപ്പെട്ട പാസഞ്ചർ ട്രെയിനിലെ ഇരുനൂറോളം യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ഈ പാതയും ധനുഷ്കോടി മേഖലയും ഉപേക്ഷിക്കപ്പെട്ട നിലയിലായത്.