ചെന്നൈ: തീവ്രവാദ പ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും പുതുച്ചേരിയിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ വ്യാപക പരിശോധന. പുതുച്ചേരിയിലെ കാരക്കല്‍, തമിഴ്‌നാട്ടിലെ മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എന്‍.ഐ.എ സംഘം വ്യാഴാഴ്ച തിരച്ചില്‍ നടത്തിയത്. ഐ.എസിന് വേണ്ടി പ്രചാരണം നടത്തിയതും ധനസമാഹരണവുമായി ബന്ധപ്പെട്ടതാണ് കേസ്.കേസിലെ മുഖ്യപ്രതി ഇതിനകം ജയിലിലാണ്. കേസന്വേഷണത്തിന്റെ തുടര്‍ച്ചയാണ് തിരച്ചിലെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ തമിഴ്‌നാട്ടിലെ നീഡൂര്‍ സ്വദേശിയായ സാദിഖ് ബാഷയെയും ഇയാളുടെ നാല് കൂട്ടാളികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്വേഷണ ഏജന്‍സിയുടെ ഇപ്പോഴത്തെ നീക്കമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദ സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ അറസ്റ്റിലായവര്‍ക്കുള്ള പങ്കും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷമാണ് തിരച്ചില്‍ നടക്കുന്നത്. ചെന്നൈ, മയിലാടുതുറൈ, കാരയ്ക്കല്‍ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍. ഈ സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നതും.