കോയമ്പത്തൂർ • രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സഹായിക്കാൻ ഇനി റോബട്ടുകളും. അറൈവൽ, ഡിപാർച്ചർ ടെർമിനലുകളിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓരോ റോബട്ടിനെയാണ് ഏർപ്പെടുത്തിയത്. യാത്രക്കാരെ സ്വാഗതം ചെയ്യുന്ന ഇവ വിമാനത്താവള കവാടം, ഭക്ഷണശാല അടക്കം വിമാനത്താവളത്തിലെ ഏതു ഭാഗത്തേക്കും വഴികാട്ടിയായി കൂടെ വരും.
വിമാനങ്ങൾ, അവയുടെ സമയ വിവരം എന്നിവ അറിയാനും റോബട്ടിനെ ആശ്രയിക്കാം.വിഡിയോ കോളിങ് സൗകര്യത്തോടു കൂടിയ ഇവയ്ക്ക് യാത്രക്കാരെ സ്ക്രീനിലൂടെ ഹെൽപ് ഡസ്കുമായി ബന്ധപ്പെടുത്താൻ കഴിയും. യാത്രക്കാരുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ വരുമ്പോൾ ഉടൻ ഹെൽപ് ഡസ്കുമായി ബന്ധപ്പെടുത്തും. യാത്രക്കാർക്ക് വിമാനത്താവളത്തിൽ കൂടുതൽ ചുറ്റിക്കറങ്ങാതെ വിവരങ്ങൾ അറിയാൻ റോബട്ട് സഹായകമാകും.
പക്ഷേ, ഇംഗ്ലിഷ് മാത്രമേ ഇവയ്ക്ക് മനസ്സിലാകു.പരീക്ഷണം വിജയകരമായാൽ കൂടുതൽ റോബട്ടുകളെ നിയോഗിക്കാനാണ് വിമാനത്താവള അധികൃതരുടെ തീരുമാനം.എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ തമിഴ്നാട്ടിൽ ആദ്യമായി നിർമിത ബുദ്ധി റോബട്ടിനെ ഏർപ്പെടുത്തിയത് കോയമ്പത്തൂർ വിമാനത്താവളത്തിലാണ്. രാജ്യാന്തര റോബട്ടിക്സ് കമ്പനി “ടെമി’യാണ് ഇവയെ രൂപകൽപന ചെയ്തത്. രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ടു മുതൽ റോബട്ടിന്റെ സേവനം ലഭ്യമായിത്തുടങ്ങി.