ചെന്നൈ: വ്യഭിചാരശാലയില്‍ റെയ്ഡ് നടത്തുമ്ബോള്‍ ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഉപദ്രവിക്കാനോ പാടില്ലെന്ന് വിധിയുമായി മദ്രാസ് ഹൈക്കോടതി. റെയ്ഡ് നടത്തുമ്ബോള്‍ ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ, ആക്രമിക്കുകയോ ചെയ്യരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ജസ്റ്റിസ് എന്‍.സതീഷ്കുമാര്‍ വിധി പ്രഖ്യാപിച്ചത്. വേശ്യാലയം നടത്തുന്നത് മാത്രമാണ് കുറ്റകരമെന്ന് സുപ്രീംകോടതി വിധിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചിന്ദാദ്രിപേട്ടില് വ്യഭിചാരശാലയെന്ന് ആരോപിക്കപ്പെടുന്ന മസാജ് പാര്‍ലറില്‍ നിന്ന് റെയ്ഡില്‍ പിടിക്കപ്പെട്ട ഉദയകുമാര്‍ എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. പിടികൂടിയതിന് പിന്നാലെ വിവിധ വകുപ്പുകള്‍ പ്രകാരം ഉദയകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ലൈംഗികതൊഴിലാളികളെ നിര്‍ബന്ധിച്ച് അവര്‍ക്ക് ഇഷ്ടമല്ലാതെ ബന്ധത്തിലേര്‍പ്പെടുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വ്യഭിചാരശാല റെയ്ഡ് ചെയ്ത പൊലീസ് ഉദയകുമാറിനെ അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഹര്‍ജി നല്‍കിയത്.
പരസ്പര സമ്മതത്തോടെയുളള ശാരീരികബന്ധം കുറ്റകരമല്ല. ലൈംഗികതൊഴിലാളികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തൊഴില്‍ ചെയ്തതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. അതേസമയം റെയ്ഡ് നടന്ന സമയത്ത് ഉദയകുമാര്‍ മസാജ് പാര്‍ലറില്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി കണ്ടെത്തി. ആദ്യം ഇയാള്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നില്ല, പിന്നീടാണ് അഞ്ചാം പ്രതിയായതെന്നും കോടതി പറഞ്ഞു. ഉദയകുമാറിനെതിരായ കേസ് തളളിയ കോടതി ഇയാളെ കുറ്റവിമുക്തനുമാക്കി.