Home Featured ഫിലിപ്പീന്‍സ് യുവതി സേലത്തിനുസമീപം ട്രെയിനില്‍നിന്ന് വീണുമരിച്ചു; മലയാളിയായ കാമുകന്‍ കസ്റ്റഡിയിൽ

ഫിലിപ്പീന്‍സ് യുവതി സേലത്തിനുസമീപം ട്രെയിനില്‍നിന്ന് വീണുമരിച്ചു; മലയാളിയായ കാമുകന്‍ കസ്റ്റഡിയിൽ

ചെന്നൈ: സേലത്തിനുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നുവീണ് ഫിലിപ്പീന്‍സ് യുവതി മരിച്ചു.സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മനില സ്വദേശിനി റെയ്ച്ചലാണ് (35) മരിച്ചത്. മലയാളിയായ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹെര്‍ബല്‍ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഹാരിസാണ് (48) കസ്റ്റഡിയിലുള്ളത്.പൊലീസ് പറയുന്നത് ഇങ്ങനെ: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു.

10 ദിവസം മുമ്ബാണ് റെയ്ച്ചല്‍ ഹാരിസിനെ കാണാന്‍ ഫിലിപ്പീന്‍സില്‍നിന്ന് ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ വിവാഹംചെയ്ത് ബംഗളൂരുവില്‍ താമസിക്കവേയാണ് ഹാരിസിന്റെ എറണാകുളത്തെ വീട്ടില്‍ പോകാന്‍ റെയ്ച്ചല്‍ നിര്‍ബന്ധം ചെലുത്തിയത്. തുടര്‍ന്നാണ് ഇരുവരും തിങ്കളാഴ്ച വൈകീട്ട് ബംഗളൂരുവില്‍നിന്ന് സേലം വഴി എറണാകുളത്തേക്ക് ഇന്റര്‍സിറ്റി എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര പുറപ്പെട്ടത്.

രാത്രി ട്രെയിന്‍ ഓമല്ലൂരിനടുത്ത കരുവള്ളി റെയില്‍വേ സ്റ്റേഷന്‍ കടന്നുപോകവേയാണ് പൊടുന്നനെ റെയ്ച്ചല്‍ ട്രെയിനില്‍നിന്ന് 50 അടി താഴ്ചയുള്ള കൊക്കയിലേക്കുവീണത്. അടുത്ത സ്റ്റോപ്പായ ഓമല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഹാരിസ് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് റെയ്ച്ചല്‍ മരിച്ച വിവരമറിഞ്ഞത്. പിന്നീട് പൊലീസ് റെയ്ച്ചലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സേലം ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റെയ്ച്ചലിന്റെ മരണവിവരം ചെന്നൈ, ഡല്‍ഹി എംബസികള്‍ മുഖേന ബന്ധുക്കളെ അറിയിച്ചതായും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp