ചെന്നൈ • ദീപാവലി അവധി കാലത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഒക്ടോബർ 24ന് ആണ് ദീപാവലി. തിങ്കളാഴ്ച ആയതിനാൽ വാരാന്ത്യ അവധിദിനങ്ങൾ കൂടി ചേർത്ത് യാത്രകൾ ആസൂത്രണം ചെയ്യാം എന്ന സൗകര്യമുണ്ട്. 120 ദിവസം മുൻപേ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നതിനാൽ ഒക്ടോബർ 21 വെള്ളിയാഴ്ച വരെയുള്ളതാണ് ഇന്നലെ നടന്നത്.
ദീപാവലി ആഘോഷിക്കാൻ സ്വന്തം നാട്ടിലേക്ക് പോകുന്ന നഗരവാസികൾ ഏറെയും ഐആർ സിടിസി വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്. കൗണ്ടറുകളിലും തിരക്കേറിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ബുക്കിങ് തിരക്ക് വർധിക്കും. ദീപാവലി യാതയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചാലുടൻ തന്നെ പൂർത്തിയാകാറാണ് പതിവ്. തിരക്കു കണക്കിലെടുത്ത് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് യാത്രക്കാർ.
ഇഎംയു ട്രെയിൻ; 28 വരെ രാത്രി സർവീസില്ല
ചെന്നൈ • അറ്റകുറ്റപ്പണികൾക്കായി ചെന്നൈ ബീച്ച് – താംബരം റൂട്ടിൽ ഇഎംയു ട്രെയിനുകളുടെ രാത്രി സർവീസുകൾ 28 വരെ റദ്ദാക്കി. രാത്രി 10ന് ശേഷമുള്ള സർവീസുകളാണു റദ്ദാക്കിയതെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അറിയിച്ചു.താംബരത്തു നിന്ന്ചെന്നൈ ബീച്ചിലേക്ക് രാത്രി 10.25, 11.25, 11.45 സമയങ്ങളിൽ പുറപ്പെടുന്ന ട്രെയിനുകളും ചെന്നൈ ബീച്ചിൽ നിന്നു താംബരത്തേക്ക് രാത്രി 11.20, 11.40, 11.59 സമയങ്ങളിൽ പുറപ്പെടുന്ന ട്രെയിനുകളും 23, 24, 25, 27 തീയതികളിൽ പൂർണമായും റദ്ദാക്കി.താംബരത്തു നിന്ന് രാത്രി 10.40, 11.15, 11.35 സമയങ്ങളിൽ പുറപ്പെടുന്ന ട്രെയിനുകളും ബീച്ചിൽ നിന്നുള്ള 11.30, 11.40, 11.59 സമയങ്ങളിലെ ട്രെയിനുകളും 26ന് റദ്ദാക്കിയിട്ടുണ്ട്