പുനലൂര്‍: തമിഴ്നാട്ടില്‍ നിന്നും ആര്യങ്കാവ് വഴി കേരളത്തിലേക്ക് കൊണ്ടുവന്ന 10750 കിലോയോളം മായം കലര്‍ത്തിയ മത്സ്യം ഭക്ഷ്യ സുരക്ഷാ സംഘം പിടികൂടി.ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി യിലായിരുന്നു പരിശോധന. മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത ചൂര മത്സ്യമാണ് പിടികൂടിയതില്‍ അധികവും.
തമിഴ്നാട്ടിലെ കടലൂരില്‍ നിന്ന് കരുനാഗപ്പള്ളി , ആലങ്കോട് എന്നിവിടങ്ങളിലേക്ക് മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന മത്സ്യമാണിത്. കഴിഞ്ഞ രാത്രി 11ഓടെ ആരംഭിച്ച പരിശോധന ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. പിടിച്ചെടുത്ത മത്സ്യം ആര്യങ്കാവ് പഞ്ചായത്തിന്റെ സഹായത്തോടു കൂടി നശിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ചാത്തന്നൂര്‍, കൊട്ടാരക്കര , പത്തനാപുരം സര്‍ക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസറുമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന ഇല്ലാത്തതിനാല്‍ ആര്യങ്കാവ് വഴി വനം തോതില്‍ മത്സ്യം അടക്കം ഭക്ഷ്യസാധനങ്ങള്‍ ആര്യങ്കാവ് വഴി കേരളത്തിലേക്ക് കടത്തുന്നതായി വെള്ളിയാഴ്ച ‘ മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.