ചെന്നൈ:ഭരണഘടനയിലും മതനിരപേക്ഷതയിലും വിശ്വസിക്കുകയും ഹിന്ദുത്വത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരുകളുടെ നിലനിൽപ്പ്സുരക്ഷിതമല്ലെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇതാണു സൂചിപ്പിക്കുകന്നതെന്നും പറഞ്ഞു.
സ്ഥാനാർഥിത്വത്തിനു പിന്തുണ തേടി ചെന്നൈയിൽ എത്തിയതായിരുന്നു യശ്വന്ത് സിൻഹ.ഡിഎംകെ, കോൺഗ്രസ്, ഇടതു പാർട്ടികൾ, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.മഹാരാഷ്ട്രയിൽ പുതിയ സർക്കാർ നിലനിൽക്കില്ലെന്ന് അറിയാവുന്നതിനാലാണു ബിജെപി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പിൻവലിഞ്ഞതെന്നും മറ്റൊരാളെ ബലിയാടാക്കുകയായിരുന്നെന്നും യശ്വന്ത് സിൻഹ പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രതിനിധിയായും ഭരണഘടനയ്ക്ക് അനുസൃതമായുമാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്നും എന്നാൽ ഇതിനു വിരുദ്ധമായാണ്എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.താൻ രാഷ്ട്രപതിയായാൽ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കൂട്ടിച്ചേർത്തു.