ഈറോഡ്: വിവാദമായ അണ്ഡം വില്പനക്കേസിലെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച്, വന്ധ്യത ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളിൽ അമ്മയുടെ ഒത്താശയോടെ അണ്ഡം വിറ്റ കേസ് ഈയിടെ വിവാദമായിരുന്നു.
അനാഥമന്ദിരത്തിൽ കഴിയുന്ന പെൺകുട്ടി ഇന്നലെ രാവിലെയാണു വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് അമ്മയും രണ്ടാനച്ഛനും സഹായിയും ജയിലിലാണ്. ഒറ്റപ്പെട്ട പെൺകുട്ടിയെ കോടതിയുടെ നിർദേശപ്രകാരമാണു സർക്കാർ അനാഥ മന്ദിരത്തിലേക്കു മാറ്റിപ്പാർപ്പിച്ചത്.
ഇന്നലെ രാവിലെ അനാഥമന്ദിരത്തിലെ കുളിമുറിയിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടത്തുകയായിരുന്നു.ഈറോഡ് സർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടി ചികിത്സയിലാണ്.പെൺകുട്ടി മാനസികമായി വിഷമത്തിലായിരുന്നെന്നും വീട്ടിലെക്കു പോകണമെന്നു പലതവണ അനാഥമന്ദിരം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നെന്നും പൊലീസ്പറഞ്ഞു.
ഒറ്റപ്പെടലിന്റെയും കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ യും മാനസിക പിരിമുറുക്കമായിരിക്കും ആത്മഹത്യാശ്രമത്തിനു പിന്നിലെന്നു കരുതുന്നു.ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരോടു പെൺകുട്ടിക്കു കൗൺസിലിങ് നൽകാൻ നിർദേശം നൽകിയതായി പൊലീസ് മേധാവി പറഞ്ഞു.എസ്ഐ ഉൾപ്പെട്ട മൂന്നംഗ സംഘം ആത്മഹത്യക്കു ശ്രമിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കും.
അണ്ഡം വിൽപന കേസുമായി ബന്ധപ്പെട്ട് ഈറോഡ്, സേലം, ഹൊസൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ അന്വേഷണസംഘം ചോദ്യം ചെയ്ത് അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.
വരും ദിവസങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നു കരുതുന്നു. കേരളത്തിലേതുൾപ്പെടെ പല സ്വകാര്യ ആശുപ്രതികൾക്കെതിരെയും നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.