ചെന്നൈ • മധുരം നിയന്ത്രിച്ചുള്ള ഡയറ്റ്, നടക്കുമ്പോൾ ധരിക്കാൻ പ്രത്യേക തുകൽ ചെരിപ്പ് അൻപ്ത്തിരണ്ടുകാരിയായ ഗാന്ധിമതി ആനയുടെ അമിതവണ്ണവും കാൽവേദനയും കുറയ്ക്കാനുള്ള ശ്രമത്തിലാണ് മെഡിക്കൽ സംഘം. തിരുനെൽവേലിയിലെ 2000 വർഷം പഴക്കമുള്ള നെല്ലൈയപ്പർ ക്ഷേത്രത്തിലെ ആനയുടെ ആരോഗ്യനില മോശമായതിനെ തുടർന്നുള്ള പരിശോധനയിലാണ് അമിതവണ്ണമുണ്ടെന്നു കണ്ടെത്തിയത്.
തുടർന്ന്, അതിനുള്ള ചികിത്സകൾക്കൊപ്പം ദിവസവും നടപ്പും ആഹാരക്രമീകരണവും തുടങ്ങി. വ്യായാമവും മധുരനിയന്ത്രണവും നാരു കൂടുതലുള്ള ഭക്ഷണവും കൊണ്ട് 6 മാസത്തിനിടെ 150 കിലോ കുറഞ്ഞെങ്കിലും സന്ധി വേദന തുടർന്നു.
നടക്കുമ്പോഴുള്ള വേദന കുറയ്ക്കാനായാണ് ഇപ്പോൾ 12,000 രൂ പയുടെ പ്രത്യേക തുകൽ ചെരിപ്പ് ഭക്തർ തയാറാക്കി നൽകിയത്. ഔഷധച്ചേരുവകൾ ചേർത്താണു ചെരിപ്പ് നിർമിച്ചിട്ടുള്ളത്.