ചെന്നൈ : അണ്ണാഡിഎംകെ ജനറൽ കൗൺസിൽ യോഗം നാളെ നടക്കാനിരിക്കെ പനീർസെൽവം വിഭാഗത്തെ ഞെട്ടിച്ച് വീണ്ടും നേതാക്കളുടെ കൂടുമാറ്റം. പനീർ സെൽവത്തിന്റെ സ്വന്തം തട്ടകമായ തേനിയിലെ മുൻ എംപി അടക്കം പത്തോളം പ്രധാന നേതാക്കൾ എടപ്പാടി പളനിസാമിക്കു പിന്തുണയുമായി രംഗത്തെത്തി.
എടപ്പാടിക്കു കീഴിൽ പാർട്ടി ഏക നേതൃത്വമാകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എതിർ സംഘത്തിലെത്തിയത്. മുൻ എംപി പാർഥിബൻ, കുടല്ലൂർ സെക്രട്ടറി അരുൺകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി കരികാലൻ, തേനി ഡപ്യൂട്ടി സെക്രട്ടറി ദയാലൻ തുടങ്ങിയവർ ഉൾപ്പെടെ പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ പനീർസെൽവം വിഭാഗം കൂടുതൽ ദുർബലമായി. അതേസമയം, പാർട്ടി ജനറൽ കൗൺസിൽ യോഗം തടയണമെന്നാവശ്യപ്പെട്ടുള്ള പനീർസെൽവത്തിന്റെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി നാളെ വിധിപറയും. ഇരുകൂട്ടരുടെയും വാദങ്ങൾ അവസാനിച്ചതോടെ നാളെ രാവിലെ 9നു വിധി പറയുമെന്നാണു ഹൈക്കോടതി അറിയിച്ചത്. 9.15നാണു ജനറൽ കൗൺസിൽ നടക്കുക.