ചെന്നൈ: കള്ളക്കുറിച്ചിയില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവില്‍ പോയതായി പൊലീസ്. ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടിയുടെ റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് ഏറ്റെടുത്തു സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നോട്ടിസ് പതിച്ചു.
സുപ്രീം കോടതി നിര്ദേശിച്ചിട്ടു പോലും പെണ്‍കുട്ടിയുടെ കുടുംബം പോസ്റ്റ്മോര്‍ട്ടം നടപടികളുമായി സഹകരിച്ചില്ലെന്നായിരുന്നു പൊലീസിന്റെ ആരോപണം. ചൊവ്വാഴ്ച രാവിലെ കുടുംബം നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരെ കൂടി മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി.
മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് റീ പോസ്റ്റ്മോര്‍ട്ടം നടത്താനും തുടര്‍നടപടികളില്‍ സഹകരിക്കാനും കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം നടക്കുന്ന കള്ളക്കുറിച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വരികയാണെന്നു പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ജില്ലാ ഭരണകൂടത്തെ അറിയിച്ചുവെങ്കിലും എത്തിയില്ല.