ചെന്നൈ:കള്ളക്കുറിച്ചിയിൽ പ്ലസ്ടു വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളിയതിനെ തുടർന്നാണു മൃതദേഹം ഏറ്റുവാങ്ങിയത്.കഴിഞ്ഞ 13നു മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഇതുവരെയും കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിചിരിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടർന്നു കഴിഞ്ഞ ദിവസം 3 ഡോക്ടർമാരും ഫൊറൻസിക് വിദഗ്ധനും അടങ്ങിയ സംഘം വീണ്ടും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. മൃതദേഹം ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ നോട്ടിസും പതിച്ചിരുന്നു.ഇതു പിന്നാലെയാണ് ഇവർ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
വിദ്യാർഥിനി താമസിച്ചിരുന്നത് അംഗീകാരമില്ലാത്ത ഹോസ്റ്റലിൽ
ചെന്നൈ • കള്ളക്കുറിച്ചിയിൽ മരിച്ച പ്ലസ്റ്റു വിദ്യാർഥിനി താമസിച്ചിരുന്ന ഹോസ്റ്റലിന് അംഗീകാരമില്ലായിരുന്നെന്ന് ശിശു ക്ഷേമ കമ്മിഷണർ. സ്കൂളിലെ അധ്യാപകർ അടക്കമുള്ളവരെ ചോദ്യം ചെയ്ത ശിശുക്ഷേമ കമ്മിഷണർ സരസ്വതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനുമതി ഇല്ലാതെയാണ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയത്.
റജിസ്ട്രേഷൻ ഇല്ലാത്ത ഹോസ്റ്റലിൽ 24 വിദ്യാർഥിനികളെ പാർപ്പിച്ചിരുന്നതായി ശിശുക്ഷേമ കമ്മിഷണർ പറഞ്ഞു. നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.