Home Featured തമിഴ്‌നാട്ടില്‍ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തമിഴ്‌നാട്ടില്‍ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തമിഴ്നാട് തെങ്കാശി കുറ്റാലത്ത് കുളിക്കാനിറങ്ങിയ രണ്ട് വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.കടലൂര്‍ സ്വദേശിനി കലാവതി, ചെന്നൈ സ്വദേശിനി മല്ലിക എന്നിവരാണ് മരിച്ചത്. പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ കുറ്റാലത്ത് കച്ചവടം നടത്തുന്ന ഒരു യുവാവ് രക്ഷിച്ചു.

ബുധനാഴ്ച വൈകിട്ട് 4 മണി മുതല്‍ കുറ്റാലം ഭാഗത്ത് ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. കുറ്റാലം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് തടസ്സമില്ലാത്തതിനാല്‍ നല്ല തിരക്കുമായിരുന്നു. എന്നാല്‍ 5 മണിയോടെ ശക്തമായ വെള്ളപ്പാച്ചിലുണ്ടാവുകയും കുളിച്ചുകൊണ്ടു നിന്ന പത്ത് പേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

അധികമായി വെള്ളമെത്തിയതാണ് അപകടത്തിന് കാരണം. അഞ്ചു പേര്‍ക്കായി ഏറെ നേരം തിരച്ചില്‍ തുടര്‍ന്നു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെനിന്നാണ് ലഭിച്ചത്. ഒഴുക്കില്‍പ്പെട്ട് മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കുറ്റാലം ക്ഷേത്രത്തിനു സമീപത്തു നിന്നും ഒരാളുടേത് പാലത്തിനു സമീപത്തു നിന്നുമാണ് ലഭിച്ചത്.

കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍പ്പെട്ടെന്ന സംശയത്തില്‍ രാത്രി വൈകിയും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തി.തെങ്കാശി കലക്ടര്‍ പി.ആകാശ്, എസ്പി ആര്‍. കൃഷ്ണരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മലയാളികളായ സഞ്ചാരികളും അപകട സമയത്ത് കുറ്റാലത്ത് ഉണ്ടായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നല്‍കാന്‍ സര്‍ക്കാരിന് കളക്ടര്‍ ശുപാര്‍ശ നല്‍കി. അപകടത്തില്‍ മലയാളികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. അപകടത്തില്‍ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതോടെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവടങ്ങളില്‍ കുളിക്ക് വിലക്ക് ഏര്‍പ്പെടുത്തി.

കുറ്റാലം വനത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മലയില്‍ ഉരുള്‍പൊട്ടിയെന്ന സംശയവുമുണ്ട്.കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുറ്റാലത്ത് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി.

ഇവിടെ അപകട മരണം പതിവാണെങ്കിലും 2 പേര്‍ ഒരുമിച്ച്‌ മരിക്കുന്നത് ആദ്യം. കുളിച്ചുകൊണ്ട് നില്‍ക്കുമ്ബോള്‍ പാറ തലയില്‍ വീണുള്ള മരണവും പാറയില്‍ കാല്‍വഴുതി വീണുള്ള മരണവുമാണ് ഇതിനു മുന്‍പ് സംഭവിച്ചിട്ടുള്ളത്. മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് മരണം സംഭവിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our Whatsapp