ചെന്നൈ: ലോക ചെസ്സ് ഒളിംപ്യാഡിന് ചെന്നൈയിൽ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്.മഹാബലിപുരത്തെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.രാജ്യത്തെ തന്ത്രപ്രധാന മേഖലകളിൽ പര്യടനം പൂർത്തിയാക്കിയ ദീപശിഖ ഗ്രാന്റ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിഎം.കെ സ്റ്റാലിൻ ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയുടെ ഗ്രാന്റ് മാസ്റ്റേഴ്സും ചേർന്ന് മേളയുടെ ദീപം തെളിയിച്ചു. മെഗാ ഇവന്റിനുള്ള ക്രമീകരണങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് പൂർത്തിയാക്കിയതെന്ന് മോദി പറഞ്ഞു. ‘ടൂർണമെന്റിൽ പങ്കെടുക്കാൻ ചെന്നൈയിലെത്തിയവരെ ഇന്ത്യയുടെ പാരമ്ബര്യമനുസരിച്ച് ദൈവത്തെപ്പോലെയാണ് കാണുക.
നിങ്ങൾക്കുള്ളിലെ ഏറ്റവും മികച്ചതു തന്നെ പുറത്തു കൊണ്ടുവരാൻ ഞങ്ങൾസഹായിക്കും’- മത്സരാർത്ഥികളെ അംഭിസംബോധന ചെയ്ത് പ്രധന മന്ത്രിവ്യക്തമാക്കി.ലോക ചെസ്സ് ഒളിംപ്യാഡ് തമിഴ്നാട്ടിൽ സംഘടിപ്പിക്കാൻ തനിക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
‘റഷ്യയിലെ ഷെഡ്യൂൾ ചെയ്ത വേദി റദ്ദാക്കിയതിന് ശേഷം, അത് ഇന്ത്യയിൽ വന്നാൽ അവസരം മുതലാക്കാൻ ഞാൻ എന്റെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മാർച്ചിൽ തന്നെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. സാധാരണയായി, ഇത്തരമൊരു അന്താരാഷ്ട്ര ഗെയിമിനായി തയ്യാറെടുക്കാൻ കുറഞ്ഞത് 18 മാസമെങ്കിലും വേണ്ടിവരും. എന്നാൽ ഞങ്ങൾ 18 ഓളം കമ്മിറ്റികൾ രൂപീകരിച്ചു, വെറും നാല് മാസം കൊണ്ട് ഈവന്റ് സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്നും സ്റ്റാലിൻ പറഞ്ഞു.
സൂപ്പർ സ്റ്റാർ രജനികാന്ത് അടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. എ.ആർ റഹ്മാന്റെ സംഗീതവും ദക്ഷിണേന്ത്യൻ നൃത്തച്ചുവടുകളും നിറഞ്ഞൊഴുകിയതായിരുന്നു ഉദ്ഘാടനച്ചടങ്ങ്. തമിഴ് -ദ്രാവിഡ സംസ്കാരത്തിന്റെ മുദ്രകൾ നിറഞ്ഞ കലാവിഷ്കാരങ്ങളാണ്നെഹ്റുസ്റ്റേഡിയത്തിലെ വേദിയിൽ ഒരുക്കിയത്.
ഇന്ന് വൈകിട്ട് മഹാബലിപുരം ഫോർ പോയിന്റ് ബൈ ഷെറാട്ടൺ കൺവെൻഷൻ സെന്ററിലെ നാലുവേദികളിലായി മത്സരങ്ങൾ ആരംഭിക്കും.187 ദേശീയ ഫെഡറേഷനുകളിൽ നിന്നായി 189 പുരുഷ ടീമുകളും 162 വനിതാ ടീമുകളുമാണ്മാറ്റുരയ്ക്കുന്നത്. ഒരു ടീമിൽ ഒരു റിസർവ് താരം ഉൾപ്പടെ അഞ്ചുപേർ. ആതിഥേയരെന്ന നിലയിൽ മൂന്ന് വീതം പുരുഷ വനിതാ ടീമുകളെയാണ് ഇന്ത്യ അണിനിരത്തുന്നത്.
രണ്ട് വ്യത്യസ്തടീമുകളിലായി രണ്ട് മലയാളി താരങ്ങൾ- എസ്.എൽ നാരായണനും നിഹാൽ സരിനും ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വിസ് സമ്ബ്രദായത്തിൽ 11 റൗണ്ട് മത്സരങ്ങളാണുള്ളത്.ഓരോറൗണ്ടിലും ഒരു ടീമിലെ നാലു കളിക്കാർ എതിർടീമിലെ നാലു കളിക്കാരെ എതിരിടും. വിജയത്തിന് ഒരു പോയിന്റ്. സമനിലയ്ക്ക് അര പോയിന്റ് വീതം. നാലു കളിക്കാരും ചേർന്ന് നേടുന്ന പോയിന്റുകൾ മൊത്തം കൂട്ടിയാണ് മാച്ച് പോയിന്റ് നിശ്ചയിക്കുക.
11 മാച്ചുകൾ കഴിയുമ്ബോൾ ഏറ്റവും കൂടുതൽ മാച്ച് പോയന്റുകൾ നേടുന്ന ടീം ജേതാക്കളാകും. ഒന്നിൽക്കൂടുതൽ ടീമുകൾക്ക് ഒരേ പോയിന്റ് ലഭിച്ചാൽ ടൈബ്രേക്കർ. എല്ലാ റൗണ്ടിലും ഓരോ ടീമും നേരിടുക തങ്ങൾ നേടിയ അതേ പോയിന്റുകൾ കരസ്ഥമാക്കിയ ടീമുകളോടായിരിക്കും. ഒരിക്കൽ നേരിട്ട ടീമിനെതിരേ വീണ്ടും മത്സരമില്ല. ഓരോ ടീമും ആദ്യാവസാനം കരുത്തിൽ ഏതാണ്ട് തുല്യരായ 11 വ്യത്യസ്ത ടീമുകളോട് മത്സരിക്കും.