ചെന്നൈ • വിദേശത്തുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിലുള്ള വീട്ടിലെത്തിയാണ് അൻവർ അലിയെ (21) തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പിടി കൂടിയത്.
യുവാവിന്റെ കൈവശമുള്ള രണ്ടു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.ആർക്കോട്ടിലെ സ്വകാര്യ എന്ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് അൻവർ അലി.കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രത്യേക നിർദേശ പ്രകാരമാണു നടപടി.
ആമ്പൂർ, ആർക്കോട്ട് എന്നിവിടങ്ങളിൽ നിന്നു വിദേശത്തെ നിരോധിത സംഘടനകളുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നതായി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണു കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയത്.
പുലർച്ചെ മുന്നോടെ വീട്ടിലെത്തിയ സംഘം അൻവർ അലിയെ ആനെക്കട്ട് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.പ്രതിഷേധം കണക്കിലെടുത്തു സ്റ്റേഷനിലേക്കുള്ള വഴികളിൽ പൊലീസിനെ വിന്യസിച്ചു. ചോദ്യം ചെയ്യൽ ഇന്നലെ വൈകിട്ടും തുടരുകയാണ്.