ചെന്നൈ : തമിഴ്നാട് പൊലീസിന്റെ അന്വേഷണ മികവിന് രാജ്യത്തിന്റെ അംഗീകാരം. രാജ്യത്തു തന്നെ അപൂർവം സേനകൾക്കു മാത്രം ലഭിച്ചിട്ടുള്ള പ്രസിഡന്റ്സ് കളർ’ ബഹുമതി തമിഴ്നാട് പൊലീസിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഏറ്റുവാങ്ങി.തമിഴ്നാട് പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജീവൻ പണയം വച്ച് രാപകൽ ഭേദമില്ലാതെ അധ്വാനിക്കുന്നതിനുള്ള അംഗീകാരമാണ് ഈ ബഹുമതി.
രാജ്യത്ത് ആദ്യമായി വനിതകളുടെ കമാൻഡോ സേന രൂപീകരിച്ചതും തമിഴ് നാട്ടിലാണെന്ന് ഉപ്രാഷ്ട്രപതി പറഞ്ഞു.സംസ്ഥാന പൊലീസ് സേന 160 വർഷം തികയുന്നതു പ്രമാണിച്ച് ഡിജിപി മുതൽ കോൺസ്റ്റബിൾ വരെയുള്ള മുഴുവൻ സേനാംഗങ്ങൾക്കും സർക്കാരിന്റെ മെഡൽ നൽകുമെന്ന് മുഖ്യമമന്ത്രി പ്രഖ്യാപിച്ചു.
പ്രസിഡന്റ്സ് കളർ ബഹുമതി ലഭിച്ചത് സേനയ്ക്കു മാത്രമല്ല, സംസ്ഥാനത്തിന് മൊത്തത്തിൽ അഭിമാനം നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണങ്ങൾ ഇല്ലാതാക്കാൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നു സേനാംഗങ്ങളോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതായി പറഞ്ഞു.