ചെന്നൈ • കാവേരി നദീതട പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ്. കാവേരി നദിയിലും കൈവഴികളിലും വെള്ളം നിറഞ്ഞതിനെ തുടർന്നാണു മുന്നറിയിപ്പ് നൽകിയത്.കേരളത്തിലെയും കർണാടകയിലെയും കാവേരി നദീതട മേഖലകളിൽ കനത്ത മഴ പെയ്യുന്നതിനാൽ കബനി, കൃഷ്ണരാജ സാഗർ അണക്കെട്ടുകളിലുള്ള അധിക ജലം ഒഴുക്കിവിടുന്നുണ്ട്.
മേട്ടൂർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 40,000 ഘനയടിയിൽ നിന്ന് 2,00,000 ഘനയടിയായി ഉയർന്നു. ഈ ഭാഗങ്ങളിൽ മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.അയൽ സംസ്ഥാനങ്ങളിലെ മഴയുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ജി ല്ലാ കലക്ടർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി എം .കെ.സ്റ്റാലിൻ നിർദേശിച്ചു.
അപകട മേഖലകളിലേക്കു ജനം പോകുന്നതും സെൽഫി എടുക്കുന്നതും തടയണം. പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കാതെ അണക്കെട്ടുകളിൽ നിന്നു വെള്ളം തുറന്നുവിടുകയോ രാത്രി കാലങ്ങളിൽ അധികം ജലം തുറന്നുവിടുകയോ ചെയ്യരുത്.
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്കു നിലവാരമുള്ള ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യമുള്ളിടത്തെല്ലാം മെഡിക്കൽ ക്യാംപുകൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേഷിച്ചു.
സെൽഫിക്കിടെ വെള്ളത്തിൽ വീണ യുവാവിനായി തിരച്ചിൽ
കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവിനായി തിരച്ചിൽ. പാറക്കെട്ടുകൾക്കു മുകളിൽ നിൽക്കുന്നതിനിടെ കാരെക്കുടി സ്വദേശി അജയ് പാണ്ഡ്യൻ കാൽ വഴുതി വീഴുകയായിരുന്നു. പശ്ചാത്തലത്തിൽ വെള്ളച്ചാട്ടത്തിന്റെ ചിത്രം ലഭിക്കുംവിധം ഫോട്ടോ എടുക്കാനായിരുന്നു ഉദ്ദേശം.
സംഭവം നടന്ന സ്ഥലം ഏറെ അപകടമുള്ളതാണെന്നും ഏതാനും വർഷങ്ങൾക്കിടെ 5 പേർ വീണു മരിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.