ചെന്നൈ: കാമുകിക്ക് സമ്മാനമായി നല്കാന് കാര്‍ വാങ്ങുന്നതിനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന ഭര്‍ത്താവ് അറസ്റ്റില്‍. ചെന്നൈ പൂനമല്ലിയില്‍ ശേഖര്‍(40) ആണ് പിടിയിലായത്. ശേഖറുമായി അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ഭാര്യ സ്വന്തം വീട്ടിലാണ്. എന്നാല്‍ ഇവരുടെ സ്വര്‍ണം ഭര്‍തൃവീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
സ്വര്‍ണം തിരിച്ചെടുക്കാനായി എത്തിയപ്പോള്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 300 പവനില്‍ 200 പവന് കാണാനില്ലായിരുന്നു. ഉടന്‍ തന്നെ ശേഖറിന്റെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടായിരുന്ന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ശേഖര്‍ പൊലീസിന് നല്കിയ മൊഴി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്വര്‍ണം മോഷ്ടിച്ചെന്ന് ശേഖര്‍ സമ്മതിച്ചത്. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ 22കാരിയായ സ്വാതി എന്ന പെണ്‍കുട്ടിയുമായി ശേഖര്‍ പ്രണയത്തിലായിരുന്നു. സ്വര്‍ണം വിറ്റ് പുതിയ കാര്‍ വാങ്ങി സ്വാതിക്ക് നല്‍കിയതായി ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.