ചെന്നൈ: അപൂർവയിനം പാമ്പുകൾ, കുരങ്ങുകൾ, ആമകൾ തുടങ്ങിയവയെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തായ്ലൻഡിൽ നിന്നുള്ള തായ് എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച രാത്രിയെത്തിയ രാമനാഥപുരം കിഴക്കര സ്വദേശി മുഹമ്മദ് ഷക്കീൽ (21) ആണു പിടിയിലായത്.
സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു നിർത്തി കയ്യിലുണ്ടായിരുന്ന വലിയ കുട്ട തുറന്നു പരിശോധിച്ചപ്പോഴാണ് മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ വസിക്കുന്ന പാമ്പുകൾ, കുരങ്ങുകൾ, ആമകൾ എന്നിവയെ പ്രത്യേക ചെറിയ പാക്കറ്റുകളിലാക്കി കടത്തിയതായി കണ്ടെത്തിയത്.
ആവശ്യമായ രേഖകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. പെരുമ്പാമ്പിന്റെ 5 കുഞ്ഞുങ്ങൾ അടക്കം 20 പാമ്പുകൾ, മധ്യ ആഫ്രിക്കയിൽ നിന്നുള്ള ഒരു ഡിബസ് കുരങ്ങ്, ആമ എന്നിവ ഉൾപ്പെടെ ജീവികളെയാണ് 23 ഇയാൾ കടത്താൻ ശ്രമിച്ചത്.10 ദിവസം മുൻപ് ടൂറിസ്റ്റ് വിസയിൽ തായ്ലൻഡിലേക്ക് പോയെന്നും ഇവയെ വാങ്ങിയെന്നും ഇയാൾ വെളിപ്പെടുത്തി.
എന്തിനാണു വാങ്ങിയതെന്ന കൃത്യമായ ഉത്തരം ഇയാൾ നൽകിയില്ല. തുടർന്ന് ഇവ തിരിച്ചയയ്ക്കാൻ അധികൃതർ തീരുമാനിച്ചു.തിരിച്ചയയ്ക്കാനുള്ള ചെലവ് ഇയാളിൽ നിന്ന് തന്നെ ഈടാക്കാനാണു തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണവും ആരംഭിച്ചു.