ചെന്നൈ: തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗ രാജന്റെ കാറിന് നേരെ ചെരുപ്പ് ഏറെ ഉണ്ടായതിന് പിന്നാലെ സ്ഥാനംമൊഴിയാന്‍ തയാറായി ബി.ജെ.പി മധുര ജില്ലാ പ്രസിഡന്റ്. ജില്ലാ പ്രസിഡന്റ് ശരവണനാണ് സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചത്.
മന്ത്രിയുടെ കാറിന് നേരെ ആക്രമണമുണ്ടായത് തന്നെ അസ്വസ്ഥനാക്കിയെന്ന് ശരവണന്‍ പറഞ്ഞു. അദ്ദേഹത്തെ നേരിട്ട് കണ്ട് താന്‍ മാപ്പ് പറഞ്ഞു. ഇപ്പോള്‍ തനിക്ക് ആശ്വാസമുണ്ടെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു. മനസമാധാനമാണ് ബി.ജെ.പിയിലെ സ്ഥാനത്തേക്കാളും വലുത്. ഞാന്‍ എന്റെ രാജിക്കത്ത് നല്‍കാന്‍ പോവുകയാണ്. ഡി.എം.കെയില്‍ ചേരാന്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാല്‍, ഡി.എം.കെയില്‍ ചേരുന്നതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധുരയില്‍ തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗ രാജന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട റൈഫിള്‍മാന്‍ ഡി. ലക്ഷ്മണന് ആദരാഞ്ജലി അര്‍പ്പിക്കാനായിരുന്നു മന്ത്രി മധുരയിലെത്തിയത്.

അറസ്റ്റിലായ അഞ്ച് പേരും ബി.ജെ.പി പാര്‍ട്ടി അംഗങ്ങളാണ്. അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയെ സ്വീകരിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.
ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഉദ്ദേശിച്ചുള്ള സ്ഥലത്ത് ബി.ജെ.പിയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നുവെന്ന് ഡി.എം.കെ പ്രവര്‍ത്തകര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പരന്നിരുന്നു.